കണ്ണൂർ സർവകലാശാലാ കലോത്സവത്തിലെ ഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി ഉത്തർപ്രദേശ് സ്വദേശിനി

കാശിഷ് മുകേഷ്
കാശിഷ് മുകേഷ്

ചൊവ്വാഴ്ച പാലുകാച്ചൽ നടക്കുന്ന വീട്ടിലേക്ക് കാശിഷിന്റെ ഒന്നാംസമ്മാനം. ഉത്തർപ്രദേശ് സ്വദേശികളായ മുകേഷ്-പൂജ ദമ്പതിമാരുടെ മൂത്തമകൾ കാശിഷ് മുകേഷ് ആണ് കണ്ണൂർ സർവകലാശാലാ കലോത്സവത്തിലെ ഹിന്ദി പ്രസംഗത്തിൽ ഒന്നാംസ്ഥാനം നേടിയത്. സനാതന ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അവസാനവർഷ ബി.കോം. വിദ്യാർഥിയാണ്.

വെള്ളിക്കോത്ത് വാടകവീട്ടിലാണ് കാശിഷിന്റെയും കുടുംബത്തിന്റെയും താമസം. വാടകവീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് കാശിഷ് ചൊവ്വാഴ്ച മാറും. കോളേജ് എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് വീട്‌ നിർമിച്ച്‌ നൽകുന്നത്. സനാതന ട്രസ്റ്റാണ് പഠിപ്പിക്കുന്നത്. കോട്ടപ്പാറയിലാണ് പുതിയ വീട്. സഹപാഠികളും അധ്യാപകരും ഉൾപ്പെടെ ഉച്ചയ്ക്ക് വീട്ടിലെത്തും. എന്നാൽ കാശിഷിന് അധികം സമയമില്ല. വൈകിട്ട് ഡൽഹിയിലേക്ക് പോകണം. ന്യൂഡൽഹിയിൽ നടക്കുന്ന അന്തസ്സർവകലശാല ഡിബേറ്റ് മത്സരത്തിൽ കണ്ണൂർ സർവകലാശാലയെ പ്രതിനിധീകരിച്ച് പോകുന്നത് കാശിഷാണ്.

കാശിഷിന്റെ അമ്മ പൂജ തുന്നൽപ്പണിയാണ്. കാശിഷ് മലയാളം എഴുതും വായിക്കും. ആറ് സഹോദരങ്ങളുണ്ട്. ജോലിയാണ് ഇനി ലക്ഷ്യമെന്ന് കാശിഷ് പറഞ്ഞു.

Content Highlights: Uttar Pradesh native Kashish Mukesh wis Hindi speech compitition in Kannur university festival