കാസർകോട് വാഹനം കയറി തകർന്ന ആമയുടെ പുറന്തോട് ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർത്തു

കാസർകോട്: വാഹനം കയറി തകർന്ന ആമയുടെ (ഇന്ത്യൻ ബ്ലാക്ക് ടർട്ടിൽ -മെലാനോക്കെലിസ് ട്രിജുഗ) പുറന്തോട് ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർത്തു. പല കഷണങ്ങളായി തകർന്ന പുറന്തോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മൂന്നരമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഒന്നിച്ചുചേർത്ത് ബാൻഡേജിട്ടത്. ഇടത് മുൻകാലിനും പരിക്കേറ്റിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ആമ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്.
ആമ ശീതരക്തജീവിയായതിനാൽ ഏറെ ശ്രദ്ധിച്ചാണ് ശസ്ത്രക്രിയയ്ക്ക് അനസ്തീസ്യ നൽകിയത്. ശീതരക്തജീവികളുടെ ശരീരതാപനിലയും ഉപാപചയപ്രവർത്തനങ്ങളും അന്തരീക്ഷതാപനിലയെ ആശ്രയിച്ചായിരിക്കും. അതിനാൽ അനസ്തീസ്യ നൽകുമ്പോൾ ശരീരതാപനില നിലനിർത്താൻ ശ്രദ്ധിക്കണം. തണുത്ത അന്തരീക്ഷത്തിൽ ആമകളുടെ ഉപാപചയപ്രവർത്തനങ്ങൾ വളരെ കുറവായിരിക്കും. ഒാപ്പറേഷൻ തിയേറ്ററിൽ എ.സി.യുണ്ടെങ്കിലും 26-32 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള അന്തരീക്ഷം ഒരുക്കിയായിരുന്നു ശസ്ത്രക്രിയ.
സീനിയർ വെറ്ററിനറി സർജൻ ഡോ. എസ്. രാജു, വെറ്ററിനറി സർജൻമാരായ ഡോ. സൂര്യ, ഡോ. അനശ്വര, സഹായി ജൂബിഷ് എന്നിവരുൾപ്പെട്ട സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കാസർകോട് നഗരസഭാ കൗൺസിലർ അനിൽ ചെന്നിക്കരയാണ് നുള്ളിപ്പാടിയിൽ ദേശീയപാത സർവീസ് റോഡിൽനിന്ന് ചെന്നിക്കര ഭാഗത്തേക്കുള്ള റോഡിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആമയെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ചത്. രണ്ടുദിവസത്തെ പരിചരണത്തിനുശേഷം കുഴപ്പമൊന്നുമില്ലെങ്കിൽ ആമയെ പുറത്തുവിടാനാകുമെന്നാണ് കരുതുന്നത്. ആമയുടെ തോട് സ്വയം വളരുന്നതായതിനാൽ കാലക്രമേണ ഇത് സുഖപ്പെടും.
Content Highlights: Successful 3.5-hour surgery to repair a fractured Indian Black Turtle shell., Specialized anesthesia protocol used for cold-blooded reptiles., Surgery performed at Kasaragod District Veterinary Center., The turtle is recovering well and will be released after observation.