ഹനാൻ ഷായുടെ പരിപാടിക്കിടെ തിക്കും തിരക്കും; പത്തുപേർക്ക് ശാരീരികാസ്വാസ്ഥ്യം, ആശുപത്രിയിലേക്ക് മാറ്റി

കാസര്‍കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം നടക്കുന്ന പ്രദർശനമേളയിൽ തിരക്കിനെത്തുടർന്ന് ആളുകൾ കുഴഞ്ഞുവീണു. തിക്കിലും തിരക്കിലും പെട്ടതിനെത്തുടർന്ന് ഇരുപതോളം പേർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. തിരക്ക് നിയന്ത്രിക്കാൻ പറ്റാത്തത് കാരണമാണ് ആളുകൾ ക്ഷീണം പിടിച്ച് കുഴഞ്ഞുവീണത്.
കാസർകോട്ടെ യുവജന കൂട്ടായ്മ നടത്തിയ മേളയുടെ സമാപന ദിവസമാണ് തിക്കും തിരക്കും വർധിച്ചത്. വൈകിട്ടോടെത്തന്നെ മേള നടക്കുന്ന മൈതാനത്തിന് ഉൾക്കൊള്ളാവുന്നതിലും അധികം ആളുകൾ നഗരിയിലേക്ക് എത്തിയിരുന്നു. ഇതേത്തുടർന്ന് കാണികൾക്ക് പാസ് നൽകുന്നത് നിയന്ത്രിക്കണമെന്ന് പോലീസ് സംഘാടകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
അപകടവിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ബി.വി.വിജയ്ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. കുഴഞ്ഞുവീണവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലുൾപ്പെടെ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ തേടി. അപകടത്തിൽപ്പെട്ടവരുടെ നില ഗുരുതരമല്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കാസർകോട് ടൗൺ പോലീസ് അറിയിച്ചു.
Content Highlights: Kasaragod music event turns chaotic with a stampede. 10 people hospitalized after experiencing discomfort.