കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി.കെ. ബിജു ഇ.ഡിക്കു മുന്നിൽ ഹാജരായി

PK Biju | Photo: Mathrubhumi/GireeshKumarCR
PK Biju | Photo: Mathrubhumi/GireeshKumarCR

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായി. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിൽനിന്ന് പി.കെ. ബിജുവിന് പണം കിട്ടിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ.

കരുവന്നൂർ കേസിൽ സിപിഎമ്മിലെ വിവിധ നേതാക്കൾക്ക് ഇ.ഡി നോട്ടീസ് അയച്ചതിന്റെ ഭാഗമായാണ് ഇപ്പോൾ പി.കെ ബിജു ചോദ്യംചെയ്യലിന് ഹാജരായിരിക്കുന്നത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനിലെ അംഗമായിരുന്നു പി.കെ ബിജു. 

കേസിൽ നേരത്തെ അറസ്റ്റിലായ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷൻ ബിജുവിനെതിരേ മൊഴിനൽകിയിരുന്നു. മുഖ്യപ്രതി സതീഷ് കുമാർ 2020-ൽ പി.കെ ബിജുവിന് അഞ്ചുലക്ഷം രൂപ നൽകിയിരുന്നെന്നായിരുന്നു ഈ മൊഴി. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിലെ പ്രധാനപ്പെട്ട നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ, കഴിഞ്ഞദിവസം സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎ വർഗീസിനെ ഇ.ഡി ചോദ്യംചെയ്യലിന് വിളിപ്പിച്ചിരുന്നു.  ഹാജരാകാൻ തയ്യാറാകാതിരുന്ന അദ്ദേഹം, തിരഞ്ഞെടുപ്പിന് ശേഷം ഹാജാരാകാമെന്ന് ഇ.ഡിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇ.ഡി ഇത് അംഗീകരിച്ചില്ല. വെള്ളിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് മറ്റൊരു നോട്ടീസ് എം.എ വർഗീസിന് നൽകിയിട്ടുണ്ട്.

Content Highlights: Karuvannur Bank fraud: CPM leader PK Biju appeared before ED