കരുവന്നൂർ: പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ.ഡി; അരവിന്ദാക്ഷനും ജിൽസും റിമാൻഡിൽ

ഇ.ഡി.അറസ്റ്റു ചെയ്ത പി.ആര്‍.അരവിന്ദാക്ഷനെ കൊച്ചി ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍
ഇ.ഡി.അറസ്റ്റു ചെയ്ത പി.ആര്‍.അരവിന്ദാക്ഷനെ കൊച്ചി ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഒന്നും ഓർമയില്ലെന്ന് പ്രതികൾ മറുപടി പറഞ്ഞതായും ഇ.ഡി. കോടതിയെ അറിയിച്ചു. പ്രതികളായ പി.ആർ. അരവിന്ദാക്ഷൻ, ജിൽസ് എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

കസ്റ്റഡി അവസാനിച്ച പശ്ചാത്തലത്തിലാണ് അരവിന്ദാക്ഷനെയും ജിൽസിനെയും ചൊവ്വാഴ്ച കലൂർ പി.എം.എൽ.എ. കോടതിയിൽ ഹാജരാക്കിയത്. രണ്ടുപേരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ.ഡി. പറഞ്ഞു. പല കാര്യങ്ങൾ ചോദിക്കുമ്പോഴും ഓർമയില്ലെന്നാണ് മറുപടി പറയുന്നത്.

അതേസമയം, കേസിലെ ഒന്നാംപ്രതി സതീഷിന്റെ ഫോണിലെ ശബ്ദരേഖ തന്റേതുതന്നെയെന്ന് അരവിന്ദാക്ഷൻ സമ്മതിച്ചതായും ഇ.ഡി. പറയുന്നു. എന്നാൽ, സംസാരത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ അരവിന്ദാക്ഷൻ തയ്യാറാകുന്നില്ലെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.  

ആറ് ശബ്ദരേഖകൾ തന്നെ കേൾപ്പിച്ച് 13 എണ്ണത്തിൽ ഒപ്പുവെപ്പിച്ചെന്ന് അരവിന്ദാക്ഷനും കോടതിയിൽ പരാതിപ്പെട്ടു. കസ്റ്റഡിയിൽ വെച്ച് മർദനങ്ങളൊന്നുമുണ്ടായില്ല. നിലവിൽ രണ്ടു പ്രതികളെയും റിമാൻഡ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും.

Content Highlights: karuvannur bank fraud, accused in remand