കരുവന്നൂർ ബാങ്ക് തിരഞ്ഞെടുപ്പ്; കോൺഗ്രസ് ഇല്ല, മത്സരം എൽഡിഎഫും എൻഡിഎയും തമ്മിൽ

#ന്യൂസ് ഡെസ്‌ക്
കരുവന്നൂർ ബാങ്ക്. ഫോട്ടോ: മനീഷ് ചേമഞ്ചേരി | മാതൃഭൂമി
കരുവന്നൂർ ബാങ്ക്. ഫോട്ടോ: മനീഷ് ചേമഞ്ചേരി | മാതൃഭൂമി

കരുവന്നൂർ: ഒട്ടേറെ വിവാദങ്ങൾക്കുശേഷം നടക്കുന്ന കരുവന്നൂർ സഹകരണബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിത്രത്തിനു പുറത്ത്. മത്സരം എൽ.ഡി.എഫും എൻ.ഡി.എയും തമ്മിൽ. 13 സീറ്റുകളിലേക്ക് നടക്കുന്ന മത്സരത്തിൽ എൽഡി.എഫിലെ 13 പേരും എൻ.ഡി.എ.യിലെ 11 പേരും നാമനിർദേശപത്രിക സമർപ്പിച്ചു. പാർട്ടിതീരുമാനപ്രകാരമാണ് മത്സരിക്കാത്തതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസം വെള്ളിയാഴ്ചയായിരുന്നു. എൽ.ഡി.എഫിന്റെ രണ്ടുപേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥിതിയാണ് നിലവിൽ.

നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനദിവസം തിങ്കളാഴ്ചയാണ്. ഏഴ് ജനറൽ, രണ്ട് വനിതാസംവരണം, ഒരു പട്ടികജാതി സംവരണം, 40 വയസ്സിന് താഴെയുള്ള ഒരു വനിത, 40 വയസ്സിന് താഴെയുള്ള ജനറൽ, ഒരു നിക്ഷേപകൻ എന്നിങ്ങനെയാണ് 13 അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്. തങ്ങൾക്ക് സ്വാധീനമില്ലാത്തതിനാൽ മത്സരത്തിൽനിന്ന് വിട്ടുനിൽക്കുന്നുവെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. സംസ്ഥാനതലത്തിൽ വലിയ ചർച്ചയായ കരുവന്നൂർ ബാങ്കിൽ മത്സരം ഒരുക്കാൻപോലും കോൺഗ്രസിന് സാധിക്കുന്നില്ല എന്നത് ഇവരുടെ പരാജയമായും വിലയിരുത്തുന്നുണ്ട്.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട ഐ.ടി.യു. ബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പാനൽ ഉണ്ടാകാറില്ല. ഇതിന് പ്രത്യുപകാരമായാണ് കരുവന്നൂരിൽ യു.ഡി.എഫ്. മത്സരിക്കാത്തത് എന്ന ആരോപണവുമുണ്ട്. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റും നിലവിൽ കരുവന്നൂർ ബാങ്ക് നിയന്ത്രണത്തിനായി സംസ്ഥാന സർക്കാർ നിശ്ചയിച്ച അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനറുമായ ആർ.എൽ. ശ്രീലാൽ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ അംഗം തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോ. ഡയറക്ടറായി റിട്ടയർ ചെയ്ത പി.കെ. വത്സലൻ എന്നിവരുൾപ്പെടെ എൽ.ഡി.എഫ്. പാനലിലുണ്ട്.

ബി.ജെ.പി. മണ്ഡലം സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ ടി.കെ. ഷാജു, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രൻ അമ്പാട്ട്, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സിന്ധു സതീഷ് എന്നിവരുൾപ്പെടുന്നതാണ് എൻ.ഡി.എ. പാനൽ. ഇടതുപക്ഷ സ്ഥാനാർഥികളായ അഡ്വ. സുജിലാ നിതീഷ് (40 വയസ്സിൽ താഴെ വനിത), പി.കെ. വത്സലൻ (നിക്ഷേപകവിഭാഗം) എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

2021 ജൂലായ് 22-നാണ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്. പിന്നീട് മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ബാങ്ക് ഭരണം.

Content Highlights: Congress boycotts Karuvannur Bank election. LDF and NDA contest for 13 seats after controversies. Two LDF candidates unopposed.