സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന ഇടതുപക്ഷത്തെ കേന്ദ്രം ദുർബലപ്പെടുത്തുന്നു- സിപിഎം

തിരുവനന്തപുരം: കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് സി.പി.എം. നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി.ആർ. അരവിന്ദാക്ഷനെ ഇ.ഡി. അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. സഹകരണ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുകയെന്നത് കേന്ദ്ര സർക്കാരിന്റെ നയമെന്നും അതിന്റെ ഭാഗമായാണ് സഹകരണ പ്രസ്ഥാനത്തേയും അതിനെ വളർത്തി മുന്നോട്ടുകൊണ്ടുപോകുന്ന ഇടതുപക്ഷ പ്രസ്ഥാനത്തേയും തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടലെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കോർപ്പറേറ്റുകൾക്ക് അനുകൂല സാമ്പത്തിക നയങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്നത്. അതിന് ബദലുയർത്തുന്നവിധം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയാണ് കേന്ദ്രനയം. അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തിയും മർദിച്ച് കള്ളമൊഴി രേഖപ്പെടുത്തുവാനുള്ള ശ്രമം ഇ.ഡിയുടെ ഭാഗത്ത് നിന്നുണ്ടായി. അത് തുറന്നുകാട്ടിയ അരവിന്ദാക്ഷനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതി പോലീസിന്റെ മുമ്പിൽ നിൽക്കുകയാണ്. ഈ ഘട്ടത്തിലാണ് അറസ്റ്റുണ്ടായത് എന്നത് ഇതിന്റെ പിന്നിലുള്ള താൽപര്യം വ്യക്തമാക്കുന്നതാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിനാണ് സി.പി.എമ്മും സംസ്ഥാന സർക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സഹകരണ പ്രസ്ഥാനത്തേയും അതിനെ ശക്തിപ്പെടുത്താൻ നിലകൊള്ളുകയും ചെയ്യുന്ന ഇടതുപക്ഷത്തേയും ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിട്ട് മുന്നോട്ടുപോകും. നാടിന്റെ ജനാധിപത്യ അന്തരീക്ഷത്തേയും സഹകരണ പ്രസ്ഥാനത്തേയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ ജനങ്ങളുടേയും പിന്തുണയുണ്ടാകണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.
Content Highlights: karuvannur bank ed case cpm state secretariat statement