96-ാം വയസ്സില്‍ ഒന്നാം റാങ്ക്, പത്താംക്ലാസ്‌ മോഹം ബാക്കിയാക്കി കാര്‍ത്ത്യാനിയമ്മ മടങ്ങി

കാര്‍ത്യായനിയമ്മ | ഫയല്‍ഫോട്ടോ - മാതൃഭൂമി
കാര്‍ത്യായനിയമ്മ | ഫയല്‍ഫോട്ടോ - മാതൃഭൂമി

ഹരിപ്പാട്: കാർത്ത്യായനിയമ്മ എല്ലാവർക്കും അദ്‌ഭുതമായിരുന്നു. 96-ാം വയസ്സിൽ അക്ഷരം പഠിച്ചുതുടങ്ങുകയും ആദ്യ പരീക്ഷയിൽത്തന്നെ നാല്പതിനായിരത്തോളംപേരെ പിന്തള്ളി ഒന്നാംറാങ്ക് നേടുകയും ചെയ്ത അദ്‌ഭുതം. 2017-ലെ അക്ഷരലക്ഷം പരീക്ഷയിലെ റാങ്കുനേട്ടം കാർത്ത്യായനിയമ്മയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു.

മന്ത്രിമാരും സാംസ്കാരികപ്രവർത്തകരും സാധാരണക്കാരുമെല്ലാം ചേപ്പാട് മുട്ടത്തെ വീട്ടിൽ കാർത്ത്യായനിയമ്മയെ തേടിയെത്തിക്കൊണ്ടിരുന്നു. സ്കൂളുകളിലെയും കോളേജുകളിലെയും ഉൾപ്പെടെ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനങ്ങളുടെ തിരക്കിലേക്ക് അവർ എത്തിയത് വളരെ വേഗത്തിലായിരുന്നു. ഉപഹാരങ്ങൾ സൂക്ഷിക്കാൻ വീട്ടിൽ സ്ഥലം തികയാതെവന്നു. വർഷങ്ങളായി വെള്ളംകിട്ടാത്ത പൊതുടാപ്പാണ് കാർത്ത്യായനിയമ്മയുടെ വീടിനു മുൻപിലുണ്ടായിരുന്നത്. അഭിനന്ദിക്കാൻ വീട്ടിലെത്തിയ കളക്ടറോട് സങ്കടം പറഞ്ഞു. മണിക്കൂറുകൾക്കം ടാപ്പിൽ വെള്ളമെത്തി. അങ്ങനെ പെട്ടന്നൊരു ദിവസം നാട്ടിലെ താരമായി മാറിയെങ്കിലും എല്ലാവരോടും സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് കാർത്ത്യായനിയമ്മ ഇടപെട്ടിരുന്നത്.

രാഷ്ട്രപതിയില്‍നിന്ന് കാര്‍ത്ത്യായനിയമ്മ നാരീശക്തി പുരസ്‌കാരം സ്വീകരിക്കുന്നു | Photo: PTI

അക്ഷരം പഠിച്ചതിനു പിന്നാലെ കംപ്യൂട്ടർ പഠിക്കാനും കൊതിയുണ്ടെന്ന് അഭിമുഖത്തിൽ പറഞ്ഞതിനു പിന്നാലെ അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഇടപെട്ട് ലാപ്ടോപ് സമ്മാനിച്ചു. അതിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ ടൈപ്പുചെയ്തു പഠിച്ചു.

അപ്രതീക്ഷിതമായാണ് 2018-ലെ നാരീശക്തി പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയും വലിയ വാർത്തയായിരുന്നു. അതോടെ അന്താരാഷ്ട്രമാധ്യമങ്ങളിലും കാർത്ത്യായനിയമ്മ ശ്രദ്ധിക്കപ്പെട്ടു.

സാക്ഷരതാമിഷന്റെ ഏഴാംക്ലാസ് തുല്യതാപരീക്ഷ എഴുതാൻ പഠിക്കുമ്പോഴാണ് പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായത്. ഏഴാം ക്ലാസിനുശേഷം പത്താംതരം തുല്യത എഴുതി ജയിക്കാൻ കാർത്ത്യായനിയമ്മ അതിയായി ആഗ്രഹിച്ചിരുന്നതായി സാക്ഷരതാ പ്രേരക് കെ. സതി പറഞ്ഞു. ആ സ്വപ്നം പൂവണിയാതെയാണ് കാർത്ത്യായനിയമ്മ വിടവാങ്ങിയത്. പഴയകാല നാട്ടുചികിത്സകളിലും നാടൻപാട്ടുകളിലും ആഴത്തിലുള്ള അറിവാണ് കാർത്ത്യയനിയമ്മയ്ക്കുണ്ടായിരുന്നത്. ടെലിവിഷൻ ചാനലുകളുടെ അഭിമുഖങ്ങളിൽ ഈ അറിവുകൾ അവർ പങ്കുവെച്ചിരുന്നു. കാർത്ത്യായനിയമ്മയുടെ ജീവിതം അടിസ്ഥാനമാക്കി ഇംഗ്ലീഷിൽ ഉൾപ്പെടെ നിരവധി പുസ്തകങ്ങളും ഡോക്യുമെന്ററികളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Content Highlights: Karthyaaniyamma wanted to study and pass the 10th class