കരിപ്പൂരിൽ റദ്ദാക്കിയത് 18 സൗദി സർവീസുകൾ; നിലച്ചത് 30 ടൺ പഴം-പച്ചക്കറി കയറ്റുമതി

കൊണ്ടോട്ടി: സൗദിയിലെ വിമാനത്താവളങ്ങൾ ഹൂതി വിമതരുടെ ആക്രമണത്തെത്തുടർന്ന് അടച്ചത് കരിപ്പൂരിൽനിന്നുള്ള കയറ്റുമതി പ്രതിസന്ധിയിലാക്കി. പ്രതിദിനം 30 ടണ്ണിലേറെ പഴം-പച്ചക്കറികളാണ് സൗദിയിലേക്ക് കയറ്റിയയച്ചിരുന്നത്. വിമാനങ്ങൾ സർവീസ് നിർത്തിയതോടെ കയറ്റുമതിയും നിലച്ചിരിക്കുകയാണ്.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരേയുണ്ടായ ആക്രമണത്തെത്തുടർന്ന് കരിപ്പൂർ-സൗദി സെക്ടറിൽ വെള്ളിയാഴ്ചമുതൽ വിമാന സർവീസ് താളംതെറ്റിയിരിക്കുകയാണ്. റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമായി 18 സർവീസുകളാണ് ഞായർ, തിങ്കൾ ദിവസങ്ങളിലായി റദ്ദാക്കിയത്.
ഞായറാഴ്ച റിയാദിൽനിന്ന് കരിപ്പൂരിൽ എത്തേണ്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ടു സർവീസുകളും സൗദി എയർലൈൻസ്, ഫ്‌ളൈ നാസ് എന്നിവയുടെ ഓരോ സർവീസുകളും ജിദ്ദയിൽനിന്നുള്ള ആകാശ എയറിന്റെ ഒരു സർവീസും റദ്ദാക്കിയിരുന്നു.
കരിപ്പൂരിൽനിന്ന് റിയാദിലേക്കുള്ള ഫ്‌ളൈ നാസിന്റെ രണ്ടു സർവീസുകളും സൗദി എയർലൈൻസ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ജിദ്ദയിലേക്കുള്ള ആകാശ എയറിന്റെ സർവീസ് എന്നിവയും റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഒന്നും, ഫ്‌ളൈ നാസിന്റെ രണ്ടും റിയാദ്-കോഴിക്കോട് സർവീസുകൾ, ആകാശ എയറിന്റെ ജിദ്ദ- കരിപ്പൂർ സർവീസ് എന്നിവയും റദ്ദാക്കി.
കരിപ്പൂരിൽനിന്ന് പ്രധാനമായും മുരിങ്ങ, കോവയ്ക്ക, ഉള്ളി, ചെറിയ ഉള്ളി, പടവലം തുടങ്ങിയ പച്ചക്കറികളാണ് കയറ്റുമതിചെയ്യുന്നത്. നേന്ത്രപ്പഴം, ചെറുപഴങ്ങൾ എന്നിവയും കയറ്റുമതിചെയ്യുന്നു.
വെള്ളി, ശനി ദിവസങ്ങളിൽ കയറ്റുമതിക്ക് ശേഖരിച്ച പച്ചക്കറികൾ പല വ്യാപാരികളും പ്രാദേശികവിപണിയിൽ വിറ്റഴിച്ചു. തമിഴ്നാട്ടിൽനിന്നാണ് പ്രധാനമായും പച്ചക്കറികൾ ശേഖരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് കയറ്റുമതിച്ചെലവ് കൂടിയ നിരക്കിലാണ്. നേരത്തേ കിലോയ്ക്ക് 65-70 രൂപയുണ്ടായിരുന്നത് ഇപ്പോൾ 130-160 രൂപയിലാണ്.
സൗദിയിലേക്കുള്ള വിമാനസർവീസ് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനാൽ അനിശ്ചിതത്വം തുടരുകുകയാണെന്ന് കെ.ബി. എക്സ്പോർട്ടേഴ്സ് ഉടമ കെ.ബി. റഫീഖ് പറഞ്ഞു. കരിപ്പൂരിൽനിന്ന് പ്രതിദിനം അഞ്ചുടൺ പഴം-പച്ചക്കറികൾ കമ്പനി കയറ്റുമതിചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Houthi rebel attacks on Saudi airports disrupted flights from Karipur., Over 30 tonnes of daily fruit and vegetable exports to Saudi Arabia are halted., Multiple flights to Riyadh and Jeddah by Air India Express, Saudia, and Flynas were cancelled., Traders incurred heavy losses, selling accumulated export stock in local markets., Uncertainty prevails over the resumption of flight services and export operations.