കരിപ്പൂർ സ്റ്റേഷനിൽ നിന്നും 10 ലക്ഷം രൂപയുടെ സ്വർണം കാണാതായ സംഭവം; മുൻ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: യുഎന്‍ഐ
പ്രതീകാത്മക ചിത്രം | ഫോട്ടോ: യുഎന്‍ഐ

കരിപ്പുർ: പോലീസ് സ്‌റ്റേഷനിൽ നിന്ന് എട്ട് പവൻ സ്വർണം കാണാതായ സംഭവത്തിൽ സ്വർണം കൊണ്ടുപോയ കരിപ്പുർ മുൻ എസ്.എച്ച്.ഒ അബ്ബാസ് അലിയെ സസ്‌പെൻഡ് ചെയ്തു. കൊണ്ടോട്ടി എഎസ്പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ്‌ നടപടി. പാലക്കാട് സൗത്ത് എസ്.എച്ച്.ഒ ചുമതലയിലിരിക്കെ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടത്തിയ മറ്റൊരു കൃത്യവിലോപത്തിൽ നേരത്തേയും ഇയാൾ സസ്‌പെൻഷനിലായിരുന്നു. മലപ്പുറം ഡിവൈഎസ്പിക്ക് കൂടുതൽ അന്വേഷണം നടത്താനുള്ള ഉത്തരവുമുണ്ട്.

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് കാണാതായത്. 2018-ന് മുൻപും ശേഷവും വിവിധ സമയങ്ങളിലായി കളഞ്ഞുകിട്ടിയതും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനിൽ ഏൽപ്പിച്ചതുമായ സ്വർണമായിരുന്നു ഇത്. 

2026 ഫെബ്രുവരിയിൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിലാണ് സ്വർണം നഷ്ടപ്പെട്ട വിവരം ആദ്യമായി സൂചിപ്പിച്ചത്. ഏതാണ്ട് പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങൾ സ്റ്റേഷന്റെ കസ്റ്റഡിയിൽ നിന്ന് എങ്ങനെ നഷ്ടപ്പെട്ടു എന്നത് ഗൗരവകരമായ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്. വൻ മോഷണത്തിന് പിന്നിൽ സ്റ്റേഷനിൽ മുൻപ് ജോലി ചെയ്തിരുന്ന ഒരു പ്രധാന ഉദ്യോഗസ്ഥൻ തന്നെയാണെന്ന സൂചന തുടക്കത്തിൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.

Content Highlights: Former Karippur SHO Abbas Ali suspended for the disappearance of gold from police custody., Gold worth over 10 lakhs went missing, discovered via a February 2026 intelligence report., The accused was previously suspended for professional misconduct while serving in Palakkad., Malappuram DySP ordered to conduct a deeper investigation into the security breach.