റോഡിൽ തല്ലുണ്ടാക്കിയാൽ 'ഗുണ്ട'യാകില്ല; ആറ് കാപ്പ ഫയലുകൾ തള്ളി എറണാകുളം കളക്ടർ

കാക്കനാട്: താത്കാലിക പ്രകോപനങ്ങളിൽ റോഡിൽ കൈയേറ്റം ചെയ്‌തെന്ന പേരിൽ ആളുകളെ പെട്ടെന്ന് 'ഗുണ്ട'കളാക്കി മാറ്റുന്ന പോലീസ് നടപടിക്കെതിരേ എറണാകുളം കളക്ടർ ജി. പ്രിയങ്ക. ചെറിയ അടിപിടി കേസുകളിൽപ്പോലും 'കാപ്പ' (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) ചുമത്താനുള്ള പോലീസ് ശുപാർശകൾ കളക്ടർ മടക്കി. ഇത്തരത്തിൽ സമർപ്പിക്കപ്പെട്ട ആറ് ഫയലുകളാണ് കളക്ടർ തള്ളിയത്.
ഈ വർഷം ജനുവരി മുതൽ മേയ് 31 വരെ 42 പേരെ കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് കൊച്ചി സിറ്റി, റൂറൽ പോലീസ് മേധാവിമാർ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. പ്രമുഖ ഗുണ്ടാസംഘങ്ങളെ പൂട്ടാൻ കർശന നടപടി സ്വീകരിക്കുമ്പോൾത്തന്നെ, പോലീസ് നൽകിയ പട്ടിക കൃത്യമായ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ കളക്ടർ തയ്യാറായി. ഇതിൽ 12 പേരുടെ ഫയലുകളിൽ സംശയംതോന്നിയതിനെ തുടർന്ന് ജില്ലാ ലോ ഓഫീസറുടെ പരിശോധനയ്ക്ക് വിട്ടു. ഇതിൽ ആറുപേർക്കെതിരേ നിലവിൽ ഗൗരവമുള്ള കേസുകളില്ലെന്നും അതിനാൽ കാപ്പ ചുമത്താൻ കഴിയില്ലെന്നും നിയമോപദേശം ലഭിച്ചതോടെയാണ് ഇവ തള്ളിയത്. ബാക്കി 6 ഫയലുകൾ കൂടുതൽ പരിശോധനയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്.
30 പേർ ജയിലിൽ
കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ വ്യവസ്ഥചെയ്യുന്നതാണ് ഗുണ്ടാ നിയമം. നിയമപ്രകാരം അറിയപ്പെടുന്ന ഗുണ്ട, അറിയപ്പെടുന്ന റൗഡി എന്നിവരെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ജില്ലാ മജിസ്ട്രേറ്റുകൂടിയായ കളക്ടർക്ക് അധികാരമുണ്ട്. ഇതനുസരിച്ച് ഈ വർഷം ഇതുവരെ കൊച്ചി നഗരത്തിൽനിന്നും റൂറൽ മേഖലയിൽ നിന്നുമായി 30 പേരെ കളക്ടർ ജയിലിലടച്ചു.
ആരൊക്കെയാണ് 'ഗുണ്ടകൾ'?
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ) പ്രകാരം താഴെ പറയുന്നവരെ ഗുണ്ട/റൗഡി പട്ടികയിൽ ഉൾപ്പെടുത്താം:
കഴിഞ്ഞ 7 വർഷത്തിനിടയിൽ ഒരു തവണയെങ്കിലും കോടതി ശിക്ഷിച്ചിട്ടുള്ളവർ.
ഒന്നിലധികം തവണ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ.
വ്യാജവാറ്റ്, കള്ളനോട്ട്, മണൽവാരൽ, ഹവാല, വ്യാജ സി.ഡി. നിർമാണം എന്നിവയിൽ ഏർപ്പെടുന്നവർ.
ക്വട്ടേഷൻ സംഘങ്ങൾ, വന്യജീവി വേട്ടക്കാർ, ബ്ലേഡ് പലിശക്കാർ.
പൊതുമുതലോ സ്വകാര്യസ്വത്തോ നശിപ്പിക്കുന്നവർ.
Content Highlights: Collector G. Priyanka rejected 6 KAPA files due to lack of serious criminal history., Police recommendations for preventive detention must undergo strict legal scrutiny., 30 habitual offenders were successfully detained under KAPA in 2026., Minor road altercations do not qualify for Goonda Act invocation., Clear criteria defined for identifying 'known goondas' and 'rowdies'.