കണ്ണൂരിലെ ഏരിയ സെക്രട്ടറിമാരില്‍ ഒരു സ്ത്രീപോലും ഇല്ല; എം.വി ഗോവിന്ദന് മറുപടിയുമായി കാന്തപുരം

എം.വി.ഗോവിന്ദൻ,കാന്തപുരം | Photo: Mathrubhumi
എം.വി.ഗോവിന്ദൻ,കാന്തപുരം | Photo: Mathrubhumi

ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മറുപടിയുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്ന് പറയുന്ന സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ ഏരിയ സെക്രട്ടറിമാരില്‍ ഒരാള്‍ പോലും സ്ത്രീകള്‍ അല്ലാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കാന്തപുരത്തിന്റെ ചോദ്യം.

"മത നിയമങ്ങള്‍ പറയുമ്പോള്‍ പണ്ഡിതന്മാരുടെ മേല്‍ കുതിര കയറാന്‍ വരേണ്ട. ഇസ്ലാമിന്റെ നിയമങ്ങള്‍ എന്താണ് വേണ്ടതെന്ന് പണ്ഡിതന്‍മാര്‍ പറയും. മറ്റുള്ള മതക്കാര്‍ ഇസ്ലാമിന്റെ കാര്യത്തില്‍ അഭിപ്രായം പറയണ്ട. ഇന്നലെ ഒരാള്‍ അഭിപ്രായം പറയുന്നത് കേട്ടു. ഞാന്‍ പത്രമെടുത്ത് നോക്കിയപ്പോള്‍ അയാള്‍ ജീവിക്കുന്ന ജില്ലയില്‍ അയാളുടെ പാര്‍ട്ടിയിലെ ഏരിയ സെക്രട്ടറിമാര്‍ പതിനെട്ടും പുരുഷന്‍മാരാണ്. ഒരു സ്ത്രീ പോലും ഇല്ല. എന്താണ് അവിടെ സ്ത്രീകളെ പരിഗണിക്കാതിരുന്നത്. ഞങ്ങള്‍ ഇസ്ലാമിന്റെ വിധി പറയുന്നത് മുസ്ലിമീങ്ങളോടാണ്"-  കാന്തപുരം പറഞ്ഞു. ആലപ്പുഴയില്‍ സുന്നി സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ മറുപടി.

നേരത്തെ മെക് സെവന്‍ വ്യായാമക്കൂട്ടായ്മയ്ക്കെതിരേ കാന്തപുരം നടത്തിയ പരാമര്‍ശത്തെ എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നായിരുന്നു എം.വി ഗോവിന്ദന്റെ വിമര്‍ശനം. അങ്ങനെ ശാഠ്യമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. 

Content Highlights: kanthapuram musliyar, mv govindan, mec seven