ശസ്ത്രക്രിയ ഉടൻ; കണ്ണൂർ സ്വദേശിയുടെ ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചു

കണ്ണൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിലെ ആശുപത്രിയിലേക്ക് പറന്നിറങ്ങി. കണ്ണൂർ ആസ്റ്റർ മിംസിൽ നിന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലേക്കാണ് എയർ ആംബുലൻസ് എത്തിയത്. കണ്ണൂർ സ്വദേശിയായ അർജുന്റെ ഹൃദയമാണ് 48-കാരനായ മലപ്പുറം സ്വദേശിക്ക് നൽകുന്നത്. രണ്ട് ദിവസം മുൻപ് ബൈക്കിൽ ടിപ്പറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അർജുന്റെ മരണം ഞായറാഴ്ച പുലർച്ചെയാണ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്തിച്ച ഹൃദയം, ഡോക്ടർമാരടങ്ങിയ സംഘം ഏറ്റുവാങ്ങി. ഉടൻ തന്നെ തുടർനടപടികളിലേക്ക് കടന്നു. ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള കാര്യങ്ങളെല്ലാം സജ്ജമാക്കിയിരുന്നു. പത്ത് ഡോക്ടർമാരോളമാണ് ഇതിന് നേതൃത്വം നൽകുന്നത്.
വാഹനാപകടത്തിന് പിന്നാലെ ഗുരുതരമായ പരിക്കുകളോടെയാണ് അർജുനെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷിക്കുന്നതിനായി ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും മെയ് 31 ന് വൈകുന്നേരത്തോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്ന് മകന്റെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചു. അതോടെ അവയവങ്ങൾ കാത്തുകഴിയുന്ന രോഗികൾക്ക് തുണയായി.
സംസ്ഥാന സർക്കാരിന്റെ അവയവദാന ഏജൻസിയായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) വഴിയാണ് അവയവ കൈമാറ്റ പ്രക്രിയകൾ ഏകോപിപ്പിച്ചത്. മണിക്കൂറുകൾ നീണ്ടുനിന്ന സങ്കീർണ്ണമായ ശാസ്ത്രക്രിയയിലൂടെ അവയവങ്ങൾ ദാനത്തിനായി എടുത്തു. ആസ്റ്റർ ഹോസ്പിറ്റലിൽ നിന്നും മറ്റു ആശുപത്രിയിൽ നിന്നുമുള്ള വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
കരൾ കോഴിക്കോട് മിംസ് ആസ്പത്രിയിലുള്ള രോഗിക്ക് നൽകി. ഒരു വൃക്ക കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ രോഗിക്കും മറ്റൊരു വൃക്ക കണ്ണൂർ മിംസിൽത്തന്നെ ചികിത്സയിലുള്ള രോഗിക്കും കൈമാറി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിക്കും. തുടർന്ന് വൈകീട്ട് മൂന്നിന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും.
ഈ അടിയന്തര സാഹചര്യത്തിൽ അവയവങ്ങൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. ഒരു ജീവൻ നഷ്ടമാകുമ്പോൾ മറ്റു നിരവധി പേർക്ക് അതൊരു പ്രത്യാശയായി മാറുന്ന മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. ഇതിനായി പ്രവർത്തിച്ച പോലീസിനോടും സർക്കാരിനോടും കെ-സോട്ടോയോടുമുള്ള നന്ദി രേഖപ്പെടുത്തുന്നതായി ആസ്റ്റർ മിംസ് സിഒഒ ഡോ. അനൂപ് നമ്പ്യാർ പറഞ്ഞു.
Content Highlights: Brain-dead youth from Kannur donates heart, liver, and kidneys., Heart successfully airlifted to Aster Medcity, Kochi via green channel., Coordination handled by K-SOTO (Kerala State Organ and Tissue Transplant Organization)., Organs distributed to patients in Kochi, Kozhikode, and Kannur., A testament to collective medical efforts and humanitarian spirit.