തളിപ്പറമ്പിൽ മന്ത്രി ഒ.ജെ. ജനീഷിനുനേരെ ഡിവൈഎഫ്ഐ പ്രതിഷേധം; വാഹനം ആക്രമിച്ചു

കണ്ണൂർ: മന്ത്രി ഒജെ ജനീഷിന്റെ വാഹനത്തിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം. തളിപ്പറമ്പിലെ പൊതുപരിപാടിയിൽ പങ്കെടുത്തശേഷം കാസർകോട്ടേക്ക് പോകും വഴി കുപ്പത്തുവെച്ചാണ്സംഭവം.
പൈലറ്റ് വാഹനം കടന്നുപോയ ഉടനെ പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. തുടർന്ന് കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിന് മേൽ ആഞ്ഞടിച്ചു. വാഹനത്തിന്റെ റെയിൻഗാർഡിനും ഡോർ ബീഡിങ്ങിനും ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പിന്നീട് എത്തിച്ച മറ്റൊരു വാഹനത്തിലാണ് മന്ത്രി കാസർകോട്ടേക്ക് യാത്ര തിരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രി തളിപ്പറമ്പിലെത്തിയത്. തളിപ്പറമ്പ് ചിറവക്കിന് സമീപത്തും കരിങ്കൊടി പ്രതിഷേധമുണ്ടായി. കൂടാതെ, പയ്യന്നൂരിലും നീലേശ്വരത്തും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു. പ്രതിഷേധം ഉണ്ടാകുമെന്നറിഞ്ഞിട്ടും മന്ത്രിക്ക് മതിയായ സുരക്ഷയൊരുക്കുന്നതിൽ പോലീസിന് വീഴ്ചയുണ്ടായി എന്ന ആക്ഷേപവും ഉയരുന്നുണ്ട്.