തെരുവ് നായ്കളെ ദയാവധം ചെയ്യാൻ അനുവദിക്കണം; കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: അക്രമകാരികളായ തെരുവ് നായകളെ മാനുഷികമായ മാർഗ്ഗങ്ങളിലൂടെ ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത്. ഈ ആവശ്യം ഉന്നയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. പി. ദിവ്യ സുപ്രീം കോടതിയെ സമീപിച്ചു.
കണ്ണൂർ ജില്ലയിൽ തെരുവ് നായകളുടെ അക്രമം വർദ്ധിക്കുകയാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുട്ടികൾക്ക് എതിരെ വരെ തെരുവ് നായകളുടെ അക്രമം കൂടുകയാണ്. ഈ സാഹചര്യത്തിലാണ് ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചത്.
അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ആണ് പി പി ദിവ്യയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തത്. തെരുവ് നായ കേസിൽ നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ കക്ഷി ചേർന്നിരുന്നു.
Content Highlights: kannur district panchayat approaches supreme court seeking permission to mercy kill stray dogs