നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ കോളേജിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ച് മാനേജ്‌മെന്റ്

കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റാമിനെ കോളേജിൽനിന്ന് പുറത്താക്കും. ചൊവ്വാഴ്ച ചേർന്ന കോളേജ് മാനേജ്‌മെന്റിന്റെ യോഗത്തിലാണ് ഡോ. റാമിനെ സ്ഥാപനത്തിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. അതേസമയം, ഇക്കാര്യം കോളേജ് മാനേജ്‌മെന്റ് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
കണ്ണൂർ ഡെന്റൽ കോളേജിലെ അധ്യാപകനും ഓറൽ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. കെ. റാം. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് മുൻപും ഇയാൾക്കെതിരേ നിരവധി പരാതികളുയർന്നിരുന്നു. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കൂടുതൽ വിദ്യാർഥികൾ റാമിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റാമിനെ സ്ഥാപനത്തിൽനിന്ന് സ്ഥിരമായി പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.
നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനൊപ്പം ആരോപണവിധേയയായ ഡോ. സംഗീത നമ്പ്യാർക്കെതിരേ അന്വേഷണത്തിനുശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചാൽ മതിയെന്നും മാനേജ്‌മെന്റ് യോഗത്തിൽ ധാരണയായിട്ടുണ്ട്. ഡോ. റാമും ഡോ. സംഗീത നമ്പ്യാരും നിലവിൽ സസ്‌പെൻഷനിലാണ്.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർചെയ്ത രണ്ട് കേസുകളിലാണ് ഡോ. റാം പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി-പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
അതേസമയം, ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ. റാം ഇപ്പോഴും ഒളിവിലാണുള്ളത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നാണ് പോലീസിന്റെ പ്രതികരണം. അതിനിടെ, കണ്ണൂർ പാലയാടുള്ള ഡോ. റാമിന്റെ ഡെന്റൽ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ക്ലിനിക്ക് അടച്ചുപൂട്ടിയെന്ന ബോർഡും സ്ഥാപിച്ചു.
Content Highlights: Dr. Ram officially terminated from Kannur Dental College in 2026., Management initiates action following widespread student complaints., Legal proceedings include abetment to suicide and SC/ST Act charges., Dr. Sangeetha Nambiar remains under investigation.