'ക്ലാസിൽ അപമാനിച്ചു,അങ്ങേയറ്റംവരെ ഞാൻ ക്ഷമിച്ചു,അമ്മയെ കളിയാക്കി';മരിച്ച നിതിൻരാജിന്റെ ഓഡിയോ പുറത്ത്

#ന്യൂസ് ഡെസ്ക്
ആർ.എൽ. നിതിൻരാജ്
ആർ.എൽ. നിതിൻരാജ്

തിരുവനന്തപുരം: കെട്ടിടത്തിൽനിന്ന് വീണു മരിച്ച കണ്ണൂർ ഡെന്റൽ കോളേജ് ഒന്നാംവർഷ ബി.ഡി.എസ്. വിദ്യാർഥി തിരുവനന്തപുരം സ്വദേശി ആർ.എൽ. നിതിൻരാജിന്റെതെന്ന് സംശയിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്. നിതിന്റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ അധിക്ഷേപമാണെന്ന് ബന്ധുക്കൾ ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് നിതിൻ, അധ്യാപകൻ അപമാനിച്ചെന്ന് പറയുന്ന സന്ദേശം പുറത്ത് വരുന്നത്.

ബന്ധുക്കളുടെ പരാതിയിൽ നേരത്തെ അധ്യാപകരായ ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. കെ. റാം, ഡോ. സംഗീത എന്നിവരെ കോളേജ് അധികൃതർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. തന്റെ അമ്മയെ കളിയാക്കിയെന്നും കൈയും കാലും വെട്ടുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നടക്കം നിതിൻ ഓഡിയോയിൽ പറയുന്നുണ്ട്.

'ഞാൻ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങിയല്ലോ, അതിനുശേഷം എന്റെ അടുത്ത് യു ആർ ഇഡിയറ്റ് എന്ന് പറഞ്ഞു, അപ്പോൾ ഞാൻ സെയിം ടു യൂ എന്ന് മുഖത്ത് നോക്കി തന്നെ പറഞ്ഞു. പിന്നെ മറ്റേ കൂട്ടത്തോട് ആക്രമിക്കുന്ന സ്ഥലം ഉണ്ടല്ലോ നമ്മുടെ സ്റ്റാഫ് റൂം എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്തെല്ലമാണ് അവിടെനിന്ന് എന്നോട് പറഞ്ഞതെന്ന് അറിയാമോ...നീ ഗെയ്റ്റിന് പുറത്തിറങ്ങിയാൽ കൈയും കാലും വെട്ടും. കൈയില്ലാതെ ജീവിക്കേണ്ടി വരുമെന്നൊക്കെ പറഞ്ഞു. എന്നാൽ സാറെ, അതൊന്ന് കാണണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ സംഗീത മാം അടക്കമുള്ളവരെ എന്നെ തന്നെ നോക്കിനിൽക്കുകയാണ്. അജീഷ മാം പറഞ്ഞു, നിതിൻ കൂൾ എന്ന്, ഇന്നലെത്തോടെ അയാളുടെ വിലയെല്ലാം പോയിട്ടുണ്ട്. എന്നെ കുറേ പേർ വിളിച്ച് അഭിനന്ദിച്ചു. കുറേ പേരെ പച്ചയ്ക്ക് അപമാനിച്ചിട്ടുണ്ട്. സത്യത്തിൽ ഞാൻ പേരെടുക്കാൻ പോയതല്ല. ശരിക്കും നിങ്ങൾ തന്നെ കണ്ടില്ലേ, ഞാൻ അയാളുടെ ക്ലാസ് ശ്രദ്ധിച്ച് അയാൾ പറയുന്ന കാര്യങ്ങൾ നോക്കിക്കൊണ്ടിരിക്കുയായിരുന്നു. എന്നെ വെറുതെ എണീപ്പിച്ച് നിർത്തിയിട്ട് അമ്മയേയും കളിയാക്കി അമ്മയുടെ സർജറിയെയും കളിയാക്കി. അതിനുശേഷം പറയുകയാണ്, എന്റെ മൂന്ന് മാർക്ക് കുറച്ചെന്ന്, പേരന്റ്‌സിന് പോയി സർപ്രൈസ് കൊടുക്കാനും പറഞ്ഞു. അതുപോലെ ഇൻസൾട്ട്, ഒരുപരിധി വരെ ഞാൻ ക്ഷമിച്ചു, അങ്ങയേറ്റം ക്ഷമിച്ചു (വികാരാധീതനായി). ഓരോ സ്‌പെല്ലിങും പറഞ്ഞ് കുട്ടികളുടെ അടുത്ത് പേപ്പർ കൊടുത്ത് ചിരിക്കുന്നു. ഒടുവിൽ ഞാൻ പൊട്ടിത്തെറിച്ചു. ക്ലാസിലെ നൂറിൽ 99 പേരും തന്റെ അടിമയായിരിക്കുമെന്ന് പറഞ്ഞു' നിതിന്റേതെന്ന് അവകാശപ്പെടുന്ന ഓഡീയോ സന്ദേശത്തിൽ പറയുന്നു.

തിരുവനന്തപുരം ചാലക്കാട് പുതുകുളങ്ങര പെയിന്റിങ് തൊഴിലാളിയായ വൈ.എൽ. രാജന്റെയും സി.ആർ. ലതയുടെയും മകനാണ് നിതിൻരാജ്. കാമ്പസിനുള്ളിലും പുറത്തും മകൻ ജാതിവിവേചനം നേരിട്ടിരുന്നുവെന്ന് നിതിൻരാജിന്റെ അച്ഛൻ രാജനും അമ്മ ലതയും ആരോപിച്ചു.

നിറം പരാമർശിച്ചും അധിക്ഷേപിച്ചു. സീനിയർ വിദ്യാർഥികളിൽനിന്ന് ക്രൂരമായ റാഗിങ്ങിനും ഇരയായി. ഇതെല്ലാം മകൻ അധ്യാപകരോടും വകുപ്പുമേധാവികളോടും പരാതിപ്പെട്ടിരുന്നു. എന്നാൽ, അവരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ലെന്ന് മാത്രമല്ല കടുത്ത അവഗണനയും അധിക്ഷേപവും നേരിടേണ്ടിവന്നു. ഇതിൽ മനംനൊന്താണ് മകൻ ജീവനൊടുക്കിയത്. കുറ്റക്കാർക്കെതിരേ കർശന നിയമനടപടിയെടുക്കണമെന്നും ഉന്നതതല ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30-ഓടെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ റിസപ്ഷൻ വിഭാഗത്തിന്റെയും കോളേജ് ലൈബ്രറി കെട്ടിടത്തിന്റെയും മധ്യഭാഗത്തായി ചെങ്കൽ പാകിയ നിലത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു നിതിൻരാജിനെ കണ്ടെത്തിയത്. കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

Content Highlights: Dental Student’s Chilling Audio Reveals Harassment Before Death