ഭക്ഷണം പോലും കഴിക്കാതെ കളിക്കാൻ പാടത്തേക്ക്, തെരുവ് നായയെ കണ്ട് ചിതറിയോടി; മണിക്കൂറുകളോളം തിരച്ചിൽ

മുഹമ്മദ് ഫസൽ | Photo: Screen grab/ Mathrubhumi News
മുഹമ്മദ് ഫസൽ | Photo: Screen grab/ Mathrubhumi News

കണ്ണൂര്‍: പാനൂരില്‍ തെരുവ് നായയെ കണ്ട് ഭയന്നോടി കിണറ്റില്‍ വീണ് മരിച്ച ഒമ്പതുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍. പാനൂര്‍ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് വീട്ടില്‍ ഉസ്മാന്റെ മകന്‍ മുഹമ്മദ് ഫസലാണ്‌ കളികഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. വീടിനടുത്ത് പാടത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കാന്‍ പോയതായിരുന്നു ഫസല്‍.

വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. തെരുവ് നായയെ കണ്ട് കുട്ടികള്‍ ചിതറിയോടി. ഫസല്‍ വീട്ടിലേക്ക് പോയിട്ടുണ്ടാവുമെന്നാണ് മറ്റ് കുട്ടികള്‍ കരുതിയത്. കുട്ടി വീട്ടില്‍ തിരിച്ചെത്താതായതോടെ ഒപ്പം കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളോട് ഫസലിനെക്കുറിച്ച് അന്വേഷിച്ചു. അപ്പോഴാണ് തെരുവ് നായയെ കണ്ട് ഓടിയ വിവരം മറ്റുള്ള കുട്ടികള്‍ പറഞ്ഞത്.

തുടര്‍ന്നാണ് തിരച്ചില്‍ ആരംഭിച്ചത്. സമീപത്തുള്ള വീടുകളിലടക്കം കുട്ടിക്കായി തിരച്ചില്‍ നടത്തി. പിന്നീട് സമീപത്തെ കിണറുകളില്‍ നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ ഉപയോഗശൂന്യമായ കിണറിലേക്ക് കുട്ടി വീഴുകയായിരുന്നു. മൂടാനിരുന്ന കിണറായതിനാല്‍ ആള്‍മറയുണ്ടായിരുന്നില്ല. രാത്രി ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. എന്നാല്‍, ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തുന്നതിന് മുമ്പേ തന്നെ കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ പുറത്തെടുത്തു. പാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് നിലവില്‍ മൃതദേഹം ഉള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

ഫസലിന്റെ പിതാവ് ഉസ്മാന്‍ വിദേശത്താണ്. നാലരയോടെ സ്‌കൂളില്‍നിന്ന് തിരിച്ചെത്തിയ കുട്ടി ഭക്ഷണം പോലും കഴിക്കാതെ സമീപത്തെ പാടത്ത് കളിക്കാന്‍ പോവുകയായിരുന്നു. തെരുവ് നായ ശല്യം രൂക്ഷമായ പ്രദേശമാണിത്.

Content Highlights: 9-year-old boy dies after falling into an abandoned well