സുമേഷ് സുകുമാരൻ യുഎസിലെ സ്കോളർഷിപ്പ് എൻട്രൻസ് മൂല്യനിർണയ പാനലിൽ

കാഞ്ഞങ്ങാട്: അമേരിക്ക ആസ്ഥാനമായ അസോസിയേഷൻ ഓഫ് സൈക്കോളജിക്കൽ സയൻസിലെ സ്കോളർഷിപ്പ് എൻട്രൻസ് മൂല്യ നിർണയ പാനലിൽ ഇടം പിടിച്ച് മലയാളി. കാഞ്ഞങ്ങാട് ഉദയംകുന്നിലെ സുമേഷ് സുകുമാരനാണ് ഈയൊരു നേട്ടം കൈവരിച്ചത്. ലോക രാജ്യങ്ങളിലെ സൈക്കോളജി ഗവേഷക വിദ്യാർഥികൾക്ക് അസോസിയേഷൻ ഓഫ് സൈക്കോളജിക്കൽ സയൻസ് വലിയ തുകയുടെ വിവിധങ്ങളായ സ്കോളർഷിപ്പുകൾ നൽകാറുണ്ട്.
ഗവേഷണ പ്രബന്ധങ്ങളാണ് പ്രവേശന യോഗ്യതയ്ക്കായി പരിഗണിക്കുക. ഇത്തരം പ്രബന്ധങ്ങൾ നോക്കി മാർക്കിടുന്ന വിവിധ രാജ്യക്കാരടങ്ങുന്ന പാനലിലേക്കാണ് സുമേഷനെ തിരഞ്ഞെടുത്തത്. 'കൗമാരക്കാരുടെ ദിവസേനെയുള്ള പെരുമാറ്റങ്ങൾ, ചിന്തകൾ എന്നിവയിലുണ്ടാകുന്ന സംതൃപ്തിയിൽ സൈക്കോ എജുക്കേഷണൽ കരിയർ കൗൺസിലിങ് ഇടപെടലിന്റെ ഫലപ്രാപ്തി' എന്ന വിഷയത്തിൽ സുമേഷ് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം കഴിഞ്ഞ വർഷം അസോസിയേഷൻ ഓഫ് സൈക്കോളജിക്കൽ സയൻസിന്റെ അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു.
അസോസിയേഷൻ ഓഫ് സൈക്കോളജിക്കൽ സയൻസ് ഈ വർഷം മേയിൽ സ്പെയിനിൽ നടത്തുന്ന കൺവെൻഷനിലും അമേരിക്കൻ സൈക്കോളജി അസോസിയേഷൻ ഈ വർഷം ഓഗസ്റ്റിൽ വാഷിങ്ടണിൽ നടത്തുന്ന കൺവെൻഷനിലും പ്രബന്ധങ്ങൾ അവതരിപ്പിക്കാനുള്ള ക്ഷണവും സുമേഷിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ന്യൂഡൽഹിയിൽ നടന്ന അന്താരാഷ്ട്ര കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ന്യൂഡൽഹിയിലെ കൃഷ്ണമോഹൻ സർവകലാശാലയിൽ കൗമാരക്കാരുടെയും കുട്ടികളുടെയും പെരുമാറ്റ രീതി എന്ന വിഷയത്തിൽ അവസാന വർഷ ഗവേഷക വിദ്യാർഥിയാണ് സുമേഷ്. അസോസിയേറ്റ് പ്രൊഫസറും തിരുവനന്തപുരത്തെ റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റുമായ ഡോ. വി.ജെ.ശ്രീദേവിയുടെ കീഴിലാണ് പഠനം.
അണ്ണാമലൈ സർവകലാശാലയിൽനിന്നു സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നാഷണൽ സർവീസ് സ്കീമിന്റെ ഫാമിലി കൗൺസിലിങ്ങിൽ റാങ്കോടെ ഡിപ്ലോമയും നേടിയ സുമേഷ് ജില്ലയിലെ കൺസൾട്ടിങ് സൈക്കോളജിസ്റ്റ് കൂടിയാണ്. ഇംഗ്ലണ്ടിലെ ജാക്ലിൻസ് അക്കാദമിയിൽനിന്ന് പ്രൊഫഷണൽ ഹിപ്നോട്ടിസത്തിലും മോഡേൺ ഹിപ്നോട്ടിസത്തിലും ഡിപ്ലോമയും എംജി സർവകലാശാലയിൽനിന്ന് കൗമാരക്കാരുടെയും കുട്ടികളുടെയും പെരുമാറ്റരീതി എന്ന വിഷയത്തിൽ പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്.
മനഃശാസ്ത്ര രംഗത്ത് എട്ടു വർഷത്തിലധികം പ്രായോഗിക പരിജ്ഞാനമുണ്ട് സുമേഷിന്. കരീയർ കൺസൾട്ടേഷൻ, പേഴ്സണൽ കൺസൾട്ടേഷൻ, ഫാമിലി കൗൺസിലിങ് എന്നിവ നടത്തുന്നു. സ്കൂളുകളിലും കോളേജുകളിലും വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിങ് സെഷനുകളും നടത്തുന്നു. ഉദയംകുന്നിലെ പി.സുകുമാരന്റെയും മുൻ ദിനേശ്ബീഡി തൊഴിലാളി എം.വി.കാർത്യായനിയുടെയും മകനാണ്. ഭാര്യ:സൗമ്യാ സെബാസ്റ്റ്യൻ. മകൻ: ലയാൻ കാർത്തികേയൻ.
Content Highlights: Kanhangad`s Sumesh Sukumaran appointed to the Association of Psychological Science scholarship evaluation panel in the US. A significant achievement for the Kerala native.