‘കേരളം വിടരുത്, പത്തനംതിട്ടയിൽ കയറരുത്’: ജാമ്യം ലഭിക്കാൻ തന്ത്രിക്ക് കർശന ഉപാധികൾ

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത് കർശന ഉപാധികളോടെ. കേരളത്തിന് പുറത്തുപോകരുത്, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, മാധ്യമങ്ങളോട് പ്രതികരണം നടത്തരുത്, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, ആഴ്ചയിൽ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം. രാമൻപിള്ളയ്ക്കുപുറമേ സുജേഷ് മേനോനും തന്ത്രിക്കുവേണ്ടി ഹാജരായി.
പൂജപ്പുര സ്പെഷ്യൽ സബ് ജയിലിലാണ് ഇദ്ദേഹത്തെ പാർപ്പിച്ചിരുന്നത്. ദ്വാരപാലകക്കേസ്, കട്ടിളപ്പാളിക്കേസ് എന്നിവയിൽ പ്രതിയായ തന്ത്രിയുടെ ജാമ്യാപേക്ഷയിൽ നേരത്തേ വാദം പൂർത്തിയായിരുന്നു. തന്ത്രിയുടെ അനുജ്ഞയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണ് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) വാദിച്ചിരുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതിലും തന്ത്രിക്ക് മുഖ്യപങ്കുണ്ടെന്നും എസ്.ഐ.ടി. വാദിച്ചിരുന്നു.
തന്ത്രിക്കുവേണ്ടി നേരത്തേ ഓൺലൈനായി ഹാജരായ അഭിഭാഷകൻ ബി. രാമൻപിള്ള, കേസിൽ തന്ത്രിയെ കുടുക്കിയെന്ന വാദം ഉയർത്തിയിരുന്നു. താന്ത്രികവിധിപ്രകാരമുള്ള കാര്യങ്ങളിൽമാത്രമാണ് തന്ത്രി ഇടപെട്ടതെന്നും ബോർഡിന്റെ മറ്റുകാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു.
കട്ടിളപ്പാളിക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച വിജിലൻസ് കോടതി പരിഗണിക്കും. നവംബർ 20-നാണ് പത്മകുമാർ അറസ്റ്റിലായത്. 90 ദിവസം പൂർത്തിയായതിനാൽ സ്വാഭാവിക ജാമ്യം ലഭിക്കാനാണ് സാധ്യത. ദ്വാരപാലകക്കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പത്മകുമാറിന് പുറത്തിറങ്ങാൻ സാധിക്കില്ല. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷ 23-ന് കോടതി പരിഗണിക്കും.
Content Highlights: Sabarimala Tantri Granted Bail: Strict Conditions Restrict Movement and Media Interaction