കണ്ടല ബാങ്ക് തട്ടിപ്പ്; കണ്ടുകെട്ടിയ ഒരു കോടി മൂല്യമുള്ള സ്വത്തുക്കള്‍ ബാങ്കിന് തന്നെ കൈമാറി ഇഡി

കണ്ടല ബാങ്ക്, ഭാസുരാംഗന്‍ | Photo: Mathrubhumi
കണ്ടല ബാങ്ക്, ഭാസുരാംഗന്‍ | Photo: Mathrubhumi

കൊച്ചി: തിരുവനന്തപുരം മാറനല്ലൂര്‍ കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ കണ്ടുകെട്ടിയ ഒരുകോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ ബാങ്കിനുതന്നെ കൈമാറി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തട്ടിപ്പില്‍ പണം നഷ്ടമായ 2,500 നിക്ഷേപകര്‍ക്ക് നല്‍കുന്നതിനായാണ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സ്വത്തുക്കള്‍ ബാങ്ക് അധികൃതര്‍ക്ക് വ്യാഴാഴ്ച കൈമാറിയത്. മുഖ്യ പ്രതി സിപിഐ നേതാവും ബാങ്ക് മുന്‍ പ്രസിഡന്റുമായ എന്‍. ഭാസുരാംഗന്റെയും കുടുംബത്തിന്റെയുമുള്‍പ്പെടെയുള്ള ഭൂമിയും കെട്ടിടങ്ങളും കാറും സ്വര്‍ണാഭരണങ്ങളുമുള്‍പ്പെടെയുള്ള സ്വത്തുക്കളാണ് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സിമി, കണ്ടല ബാങ്ക് സെക്രട്ടറി ബൈജു രാജിന് കൈമാറിയത്.

നിക്ഷേപ തട്ടിപ്പ് നടന്നെന്ന് തിരുവനന്തപുരം മാറനല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്നാണ് രണ്ടുവര്‍ഷം മുന്നേ ഇഡി, ഭാസുരാംഗനും മകന്‍ ജെ.ബി. അഖില്‍ജിത്തിനുമെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. ബാങ്കില്‍ 57 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും പേരിലുണ്ടായിരുന്ന ഒരുകോടി രൂപയിലേറെയുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ബാങ്കില്‍ പണയം വെച്ചിരുന്ന സ്വത്തുക്കള്‍ ഉള്‍പ്പെടെയായിരുന്നു ഇത്.

നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ മാര്‍ഗമില്ലാതായതോടെ ഇഡി കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിട്ടുകിട്ടാന്‍ കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഭാസുരാംഗന്‍, ഭാര്യ ജയകുമാരി, മകന്‍ ജെ.ബി. അഖില്‍ജിത്ത്, മകള്‍ ആര്‍.ബി. അശ്വതി, വി. ബാലമുരുകന്‍ എന്നിവരുടെ പേരിലുള്ള ഇഡി കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബാങ്കിന് വിട്ടു കൊടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് വ്യാഴാഴ്ച കൊച്ചി ഇഡി ഓഫീസില്‍ ബാങ്ക് അധികൃതര്‍ക്ക് സ്വത്തുക്കള്‍ സംബന്ധിച്ച രേഖകളുള്‍പ്പെടെ ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ കൈമാറിയത്. നെയ്യാറ്റിന്‍കര മാറനല്ലൂരില്‍ ഭാസുരാംഗന്റെയും ഭാര്യ ജയകുമാരിയുടെയും പേരിലുള്ള 39 ലക്ഷം രൂപ വിലമതിക്കുന്ന 14.50 സെന്റും അതിലുള്ള 3,500 ചതുരശ്ര അടിയുള്ള വീടുമാണ് കണ്ടുകെട്ടിയവയില്‍ ഏറ്റവും മൂല്യമുള്ളത്. ജയകുമാരിയുടെ പേരില്‍ നെടുമങ്ങാടുള്ള 6.65 ലക്ഷം രൂപ മൂല്യമുള്ള 59.28 സെന്റ്, മകന്‍ അഖില്‍ജിത്തിന്റെ പേരില്‍ മാറനല്ലൂരിലുള്ള അഞ്ച് ലക്ഷം രൂപ മൂല്യമുള്ള 3.50 സെന്റ്, ഭാസുരാംഗന്റെ മകള്‍ അഭിമയുടെ പേരില്‍ ആലുവയിലുള്ള 22.72 ലക്ഷം രൂപ മൂല്യമുള്ള ഫ്‌ളാറ്റ്, വി.ആര്‍. ബാലമുരുകന്റെ പേരില്‍ തിരുവനന്തപുരം മുട്ടത്തറയിലുള്ള രണ്ടുലക്ഷം രൂപ മൂല്യമുള്ള 11 സെന്റ് എന്നിങ്ങനെ 76.67 ലക്ഷം രൂപയുടെ ഭൂസ്വത്തുക്കളാണ് ബാങ്കിന് കൊടുത്തതിലുള്ളത്.

ഇതിനുപുറമേ 25 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെന്‍സ് കാര്‍, കണ്ടല ബാങ്കിന്റെ രണ്ട് ശാഖകളിലായുണ്ടായിരുന്ന 7.99 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ബാങ്കിന് തിരികെ നല്‍കി. ആധാരത്തിലുള്ള വിലയാണ് ഇഡി വസ്തുവിന്റെ മൂല്യമായി കണക്കാക്കുന്നത് എന്നതിനാല്‍ ബാങ്കിന് കൈമാറിയ സ്വത്തുക്കളുടെ മൂല്യം ഇതിന്റെ ഇരട്ടിയോളമാകുമെന്നാണ് സൂചന. ഈ സ്വത്തുക്കള്‍ ലേലം ചെയ്ത് കിട്ടുന്ന പണം ഉപയോഗിച്ച് ബാങ്കിന് നിക്ഷേപകര്‍ക്ക് പണം കൈമാറാനാകും.

Content Highlights: kandala cooperative bank scam ed handover confiscated assets