കണ്ടല: നിക്ഷേപ തുകയ്ക്കായി മുഖ്യമന്ത്രിക്ക് പരാതി നല്‍കി; വിരമിച്ച ഉദ്യോഗസ്ഥനെ ബന്ധപ്പെടാന്‍ മറുപടി

കണ്ടല ബാങ്കിന്റെ പ്രധാന ശാഖ അടപ്പിച്ചശേഷം നിക്ഷേപകർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
കണ്ടല ബാങ്കിന്റെ പ്രധാന ശാഖ അടപ്പിച്ചശേഷം നിക്ഷേപകർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

മാറനല്ലൂര്‍: നൂറ് കോടിയിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരത്തെ കണ്ടല സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക മകളുടെ വിവാഹാവശ്യത്തിന് ലഭിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിക്ക്  പരാതി നല്‍കിയ വീട്ടമ്മയ്ക്ക് ഒരു വര്‍ഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥനെ ബന്ധപ്പെടാനാണ് മറുപടി ലഭിച്ചതെന്ന് പരാതി. കാട്ടാക്കട എട്ടിരുത്തി ചൂരക്കാട് രേവതിയില്‍ വിജയശേഖരന്‍ നായരുടെ ഭാര്യ കെ.എസ് ശ്രീലേഖയ്ക്കാണ് ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചത്.

ഇക്കഴിഞ്ഞ അഞ്ചിനാണ് കെ.എസ് ശ്രീലേഖ മുഖ്യമന്തിക്ക് പരാതി നല്‍കിയത്. 2023-ലാണ് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവാഹ ക്ഷണക്കത്ത് വച്ച് കണ്ടല ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. ഇവരുടെ വസ്തു വിറ്റ് കിട്ടിയ 14 ലക്ഷം രൂപയാണ് കണ്ടല ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. എന്നാല്‍, ബാങ്കില്‍ നിന്ന് മറുപടി ലഭിക്കാതെ വന്നതോടെ പല തവണ ബാങ്കില്‍ കയറിറങ്ങുകയും ചെയ്തു. നിക്ഷേപത്തുക കിട്ടാതെ വന്നതോടെ വിവാഹം മാറ്റിവയക്കേണ്ടതായി വന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. 

ഭര്‍ത്താവ് വിജയശേഖരന്‍ നായര്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വന്നത് കാരണം ശ്രീലേഖയും മകളും ചേര്‍ന്നാണ് പലതവണ ബാങ്കില്‍ പോയിരുന്നത്. വരുന്ന ഡിസംബറില്‍ മകളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ കുടംബത്തോടൊപ്പം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നുമാണ് പരാതിയില്‍ പറയുന്നത്.

ബുധനാഴ്ച വൈകീട്ടോടു കൂടിയാണ് പരാതി ലഭിച്ചെന്നും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് നല്‍കിയെന്നും പറഞ്ഞ് ശ്രീകലയുടെ മൊബൈലില്‍ സന്ദേശം ലഭിച്ചത്. സന്ദേശത്തില്‍ ഒരു ഉദ്യോഗസ്ഥനെ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ശ്രീലേഖയും കുടുംബവും സന്ദേശം ലഭിച്ച ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു വര്‍ഷം മുമ്പ് അദ്ദേഹം വിരമിച്ചതാാണ് അറിയിച്ചതെന്ന് ശ്രീലേഖ പറയുന്നു. ഇവര്‍ക്ക് ലഭിച്ച സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥന്‍ ഒരു വര്‍ഷം മുമ്പ് വിരമിച്ചയാളെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Content Highlights: Kandala Co-op Bank scam Woman`s Complaint Over Bank Deposit Ignored