'ഞങ്ങളെയാകെ നയിച്ചവനെ.. രാജേട്ടാ ലാല്‍സലാം'; കണ്ഠമിടറി മന്ത്രി പി.പ്രസാദ്, ഏറ്റുവിളിച്ച് അണികള്‍

കോട്ടയം: കാനം രാജേന്ദ്രന് അതിവൈകാരികമായ യാത്രയയപ്പ് നല്‍കി സി.പി.ഐ. നേതാക്കളും അണികളും. സംസ്‌കാര ചടങ്ങിനിടെ മന്ത്രി പി. പ്രസാദ് പ്രിയപ്പെട്ട നേതാവിന് അഭിവാദ്യങ്ങളര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കിയപ്പോള്‍ സംസ്ഥാനത്തിന്റെ നാനാതുറകളില്‍ നിന്ന് ഒഴുകിയെത്തിയ അണികള്‍ അത് ഏറ്റുവിളിച്ചു. കോട്ടയം കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. പി. പ്രസാദും കെ. രാജനും കണ്ണീരോടെയാണ് കാനത്തിന് വിട നല്‍കിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും കാനത്തെ അന്ത്യയാത്രയാക്കാനായി എത്തിയിരുന്നു.
കാനത്തിന്റെ മകന്‍ സന്ദീപാണ് ചിതകൊളുത്തിയത്. അപ്പോഴും പ്രവര്‍ത്തകര്‍ നിര്‍ത്താതെ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു.
സംസ്‌കാര ചടങ്ങിനു ശേഷം മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ അനുശോചന യോഗം ചേര്‍ന്നു. വളരെ വേഗം ആരോഗ്യം പഴയപടി ആകുമെന്ന് കാനം പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു കാനത്തിന്റെ അപ്രതീക്ഷിത വിയോഗമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന്റെ ഇടതുപക്ഷപ്രസ്ഥാനത്തിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
Content Highlights: kanam rajendran passes away