ആരും അറിയാതെ പി. കൃഷ്ണപിള്ളയുടെ ജന്മസ്ഥലം വാങ്ങി; സ്മാരകമെന്ന സ്വപ്‌നം ബാക്കിയാക്കി മടങ്ങി

കാനം രാജേന്ദ്രന്‍
കാനം രാജേന്ദ്രന്‍

വൈക്കം: അതീവരഹസ്യമായിട്ടായിരുന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആ നീക്കം. സി.പി.എം. പ്രവർത്തകരോ അനുഭാവികളോ അക്കാര്യം അറിഞ്ഞില്ല. എല്ലാംകഴിഞ്ഞ് എം.എൻ. സ്മാരകത്തിൽനിന്ന് വാർത്താക്കുറിപ്പ് വന്നു. ‘കമ്യൂണിസ്റ്റ് പാർട്ടി കേരള ഘടകത്തിന്റെ സ്ഥാപകനേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന പി. കൃഷ്ണപിള്ളയുടെ ജന്മഗൃഹം നിലനിന്നിരുന്ന വൈക്കത്തെ പറൂപ്പറമ്പ് സി.പി.ഐ. വിലയ്ക്ക് വാങ്ങി. പാർട്ടി സംസ്ഥാന കൗൺസിൽ നേരിട്ടാണ് 16.5 സെന്റ് സ്ഥലം വാങ്ങിയത്’. ഇതായിരുന്നു കുറിപ്പ്. അപ്പോഴാണ് എല്ലാവരും വിവരം അറിഞ്ഞത്.

വൈക്കത്തെ പറൂർ കുടുംബത്തിലാണ് കൃഷ്ണപിള്ള ജനിച്ചത്. 1927-ൽ വീട് ഭാഗംവെച്ചു. പിന്നീട് സെന്റിന് 15 രൂപ നിരക്കിൽ വിറ്റു. ജന്മഗൃഹം പൊളിച്ചുനീക്കി. പലരിലൂടെ കൈമറിഞ്ഞ പുരയിടം 2020 ഓഗസ്റ്റിലാണ് സി.പി.ഐ. വാങ്ങിയത്.കൃഷ്ണപിള്ളയുടെ പൈതൃകം അവകാശപ്പെടുന്ന സി.പി.ഐ.യും സി.പി.എമ്മും സ്ഥലം വാങ്ങാൻ ഏറെ നാളായി ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനുവേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കാനം നേരിട്ടാണ് നേതൃത്വംനൽകിയത്.

2021-ൽ പറൂപ്പറമ്പിൽനടന്ന സി.പി.ഐ. ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തത് കാനം ആയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഈ പുരയിടം ഒരുസമ്മേളനത്തിന് വേദിയായത്.

കൃഷ്ണപിള്ളയുടെ ജന്മഗൃഹം പുനർനിർമിച്ച് സ്മാരകമായി സംരക്ഷിക്കാനായിരുന്നു പാർട്ടി തീരുമാനം. പഠനകേന്ദ്രം, ഗ്രന്ഥശാല, സെമിനാർഹാൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള സ്മാരകമാണ് തീരുമാനിച്ചത്. ഇത് രൂപകല്പന ചെയ്യാൻ വാസ്തുവിദഗ്ധരുടെ സംഘത്തെയും പാർട്ടി തീരുമാനപ്രകാരം കാനം ചുമതലപ്പെടുത്തി. സ്വപ്‌നംകണ്ട സ്മാരകം പണിതുകാണാതെയാണ് കാനത്തിന്റെ മടക്കം.

Content Highlights: kanam rajendran Bought the birth place of Krishna Pillai