കലൂർ സ്റ്റേഡിയത്തിലെ പുതിയ ഗേറ്റ് തകർന്നുവീണു; ഓട്ടോ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നുവീണു. കൂറ്റൻ ഗേറ്റ് തകർന്നുവീഴുമ്പോൾ ഇതുവഴി വന്ന ഓട്ടോറിക്ഷ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി സ്‌പോൺസർ സ്ഥാപിച്ച ഗേറ്റാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ തകർന്നുവീണത്. പ്രധാന കവാടത്തിലെ നാലു പാളികളിൽ ഒന്നാണിത്. ഇതിലൂടെ കടന്നുപോകുമ്പോൾ ഓട്ടോയുടെ തൊട്ടടുത്താണ് ഗേറ്റ് വീണതെന്ന് ഓട്ടോ ഡ്രൈവർ ചന്ദ്രൻ പറഞ്ഞു. ഓട്ടോയിൽ മൂന്ന് യാത്രക്കാരും ഉണ്ടായിരുന്നെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാനർജി റോഡിൽ നിന്നു സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്നിടത്താണു പുതിയ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. വിവാദമായ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി പുതിയ കവാടം നിർമിക്കുകയും ഇതിനു ഗേറ്റ് സ്ഥാപിക്കുകയുമായിരുന്നു.
Content Highlights: New stadium gate collapsed during evening hours, Auto-rickshaw with passengers narrowly escaped injury, Gate was part of a controversial stadium renovation project, Authorities under fire for substandard construction quality