പേരുചോദിച്ചതല്ല പ്രശ്നം, എന്റെ മുന്നിൽവെച്ച് മൈക്ക് തട്ടിയെടുത്തു, പോലീസ് മോശമായി പെരുമാറി- M.വിജിൻ

കണ്ണൂര്: കളക്ടറേറ്റിലേക്കുള്ള നഴ്സ്മാരുടെ മാര്ച്ചിനിടെ പോലീസുമായി ഉണ്ടായ തര്ക്കത്തില് വിശദീകരണവുമായി കല്യാശ്ശേരി എംഎല്എ എം.വിജിന്. പേര് ചോദിച്ചതല്ല തന്നെ പ്രകോപിതനാക്കിയതെന്നും പോലീസിന്റെ ഭാഗത്തുനിന്ന് മോശമായപെരുമാറ്റമാണുണ്ടായതെന്നും വിജന് പറഞ്ഞു.
സംഭവത്തെ കുറിച്ച് വിജിന് പറയുന്നത് ഇങ്ങനെ:
'സമരത്തിന്റെ ഉദ്ഘാടനത്തിന് അവരെന്നെ വിളിച്ചു. സമരത്തിന്റെ വാര്ത്ത ഇന്നത്തെ എല്ലാ പത്രമാധ്യമങ്ങളിലും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഞാന് ഉദ്ഘാടനത്തിനെത്തുമ്പോള് ഗെയ്റ്റിനുള്ളിലാണ് സമരം നടന്നിരുന്നത്. പുറത്തേക്ക് പോയിട്ട് സമരം ചെയ്യാമെന്ന് ഞാന് അവരോട് പറഞ്ഞു. അവര് സമരവുമായി എത്തുമ്പോള് ഗെയ്റ്റില് തടയാന് പോലീസ് ഉണ്ടായിരുന്നില്ല. അവര്ക്കറിയില്ലായിരുന്നു ഉള്ളില് സമരം ചെയ്യാന് പാടില്ലെന്നത്. എന്നാല്, അവിടെ ഉണ്ടായിരുന്ന എസ്ഐ വളരെ മോശമായ രീതിയിലാണ് ഇടപെടല് നടത്തിയത്. നമുക്ക് പുറത്ത് പോയി സമരം ചെയ്യാമെന്ന് വളരെ മാന്യമായി എസ്ഐ പറഞ്ഞിരുന്നെങ്കില് ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. എനിക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞ് വളരെ മോശമായി സംസാരിച്ച ഘട്ടത്തിലാണ്, ഇവിടെ തന്നെ സമരം ചെയ്യുമെന്ന് അറിയിച്ചത്. എന്റെ മുന്നില്വെച്ച് സ്വാഗതം പറഞ്ഞയാളില് നിന്ന് മൈക്ക് തട്ടിയെടുത്തു. ഈ പരിപാടി അനുവദിക്കില്ലെന്ന് എസ്ഐ പറഞ്ഞു. മൈക്കില്ലാതെ സംസാരിച്ചുകൊണ്ടിരിക്കെ ഒരാള്ക്ക് മൈക്ക് കൊടുത്ത് എസ്ഐ അവിടെ നിന്ന് പോയി.
ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ വന്നു, നിങ്ങളുടെ പേര് വേണം, കേസെടുക്കാനാണെന്ന് പറഞ്ഞു. നിങ്ങള് ഇങ്ങനെയാണോ കേസെടുക്കാറുള്ളത്. നാളത്തെ പത്രത്തില് പേര് വരും, അപ്പോള് എഴുതിയെടുത്തോ എന്ന് ഞാന് മറുപടി നല്കി.
എന്റെ പേര് ചോദിച്ചതല്ല പ്രശ്നം. എന്റെ പേര് എല്ലാവരും അറിഞ്ഞിരിക്കണമെന്ന ധാര്ഷ്ട്യം എനിക്കില്ല. സമരത്തിനിടെ എസ്ഐ വളരെ മോശമായിട്ടാണ് ഇടപെടല് നടത്തിയത്. മൈക്ക് തട്ടിപ്പറിക്കൽ അടക്കമുള്ള കാര്യങ്ങളാണ് അങ്ങേയറ്റം പ്രകോപനത്തിലേക്ക് തന്നെ കൊണ്ടുപോയത്.
Content Highlights: kalliasseri MLA M.Vijin explains the dispute with the police