'ശരിയാക്കിക്കളയുമെന്ന് ഭീഷണി'; ആശ ലോറൻസിന്റെ അഭിഭാഷകർക്കെതിരേ കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

കൊച്ചി: എം.എം. ലോറൻസിന്റെ മകൾ ആശ ലോറൻസിന്റെ അഭിഭാഷകർക്കെതിരേ പോലീസിൽ പരാതി നൽകി കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ്. ഓഫീസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പ്രിൻസിപ്പലിന്റെ പരാതിയിൽ അഭിഭാഷകരായ അഡ്വ. കൃഷ്ണരാജ്, അഡ്വ.ലക്ഷ്മിപ്രിയ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു സംഭവമെന്നാണ് പരാതിയിൽ പറയുന്നത്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കളമശ്ശേരി സി.ഐ. മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അഭിഭാഷകർക്കെതിരേ ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് ഓഫീസിൽ കയറി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അന്തരിച്ച മുതിർന്ന സി.പി.എം. നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കഴിഞ്ഞ ദിവസമാണ് ഉപദേശക സമിതി മൂന്ന് മക്കളുടേയും അഭിപ്രായം തേടിയത്. മകൾ ആശ ലോറൻസ് തന്റെ അഭിപ്രായം അറിയിച്ചശേഷം തിരികെ ഇറങ്ങിയതിന് പിന്നാലെ ആശയുടെ അഭിഭാഷകർ അതിക്രമിച്ച് ഓഫീസിൽ കയറുകയായിരുന്നു. തുടർന്ന് ആശാ ലോറൻസിൻ്റെ അഭിഭാഷകൻ കൃഷ്ണരാജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ശരിയാക്കികളയുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
മൃതദേഹം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ലോറൻസിന്റെ മക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായത്. തുടർന്ന് കോടതി നിർദേശപ്രകാരം ലോറൻസിന്റെ മക്കളുടെ അഭിപ്രായങ്ങൾ കേട്ട ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ട് നൽകാൻ തീരുമാനിക്കുകയായിരുന്നു.
സ്വന്തം ശരീരം വൈദ്യപഠനത്തിന് വിട്ടുനല്‍കാന്‍ പിതാവ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി മകനായ അഡ്വ. എം.എല്‍. സജീവന്‍ അറിയിച്ചു. മകൾ സുജാത ബോബന്‍ വിഷയത്തിൽ നിലപാടെടുത്തില്ല. ഒരു മകൾ ആശ മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നതിനെ എതിർക്കുകയും ചെയ്യുകയായിരുന്നു. അതേസമയം, മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് പറഞ്ഞതിന് രണ്ട് സാക്ഷികളുണ്ടെന്നും അവരുടെ വാദം സത്യസന്ധമാണെന്നും ബോധ്യപ്പെട്ടതിനെ തുടർന്നാണ് മൃതദേഹം മെഡിക്കൽ കോളേജ് ഏറ്റെടുക്കാൻ തീരുമാനിച്ചത്.
Content Highlights: Kalamassery Medical College principal against Asha Lawrences lawyers