കാലടി സർവകലാശാലയ്ക്ക് തിരിച്ചടി; സമരം ചെയ്യുന്ന വിദ്യാർഥികളുടെ സസ്‌പെൻഷൻ ഹൈക്കോടതി റദ്ദാക്കി

#ന്യൂസ് ഡെസ്ക്
കാലടി സംസ്കൃത സർവകലാശാല, കേരളാ ഹൈക്കോടതി | ചിത്രങ്ങൾ: മാതൃഭൂമി
കാലടി സംസ്കൃത സർവകലാശാല, കേരളാ ഹൈക്കോടതി | ചിത്രങ്ങൾ: മാതൃഭൂമി

കൊച്ചി: സമരം ചെയ്യുന്ന വിദ്യാർഥികൾ നൽകിയ കേസിൽ കാലടി സർവകലാശാലയ്ക്ക് ഹൈക്കോടതിയിൽ തിരിച്ചടി. 16 വിദ്യാർഥികളുടേയും സസ്‌പെൻഷൻ ഹൈക്കോടതി റദ്ദാക്കി. പരീക്ഷ എഴുതാനുള്ള അനുമതിയും ഹൈക്കോടതി വിദ്യാർഥികൾക്ക് നൽകി. ഇവർക്കായി പ്രത്യേക പരീക്ഷ നടത്തണമെന്ന് കോടതി നിർദേശിച്ചു. അച്ചടക്കസമിതി തയ്യാറാക്കിയ റിപ്പോർട്ട് റദ്ദാക്കിയ ഹൈക്കോടതി പുതിയ അന്വേഷണ സമിതിയെ നിയോഗിക്കാനും നിർദേശിച്ചു.

ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി വന്നതിന് പിന്നാലെ കാലടി സർവകലാശാലയ്ക്ക് മുന്നിലെ സമരപ്പന്തലിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിനെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. നിരാഹാര സമരം ചെയ്യുകയായിരുന്ന വിദ്യാർഥികൾക്ക് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സതീഷ് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു. നിരാഹാരസമരം തുടങ്ങി 22-ാം ദിവസമാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി വരുന്നത്.

ജീവിതത്തിൽ തോറ്റാലും ആർഎസ്എസ്സിനോട് തോൽക്കാൻ സൗകര്യമില്ലെന്ന് സമരം ചെയ്തിരുന്ന വിദ്യാർഥികൾ പറഞ്ഞു. തങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാപ്പ് പറയില്ലെന്നും വിദ്യാർഥികൾ ആവർത്തിച്ചു. വിദ്യാർഥികളുടെ സമരവിജയം ചരിത്രപരമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് പറഞ്ഞു. അതേസമയം ഹൈക്കോടതി വിധി ലഭിച്ചിട്ടില്ലെന്നും അത് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു.

നേരത്തേ വിദ്യാർഥികളുടെ ഹർജിയിലെ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സർവകലാശാലയുടെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. തുടർന്ന് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വീണ്ടും സിംഗിൾ ബെഞ്ചിനോട് പരിഗണിക്കാൻ നിർദേശിച്ച് മടക്കി അയക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്.

Content Highlights: In a major setback to Kalady Sanskrit University, the Kerala High Court quashed the suspension of protesting students, permitted them to write exams, and ordered a fresh disciplinary inquiry committee.