പിക്കപ്പ് വാനിൽനിന്നും പൈപ്പുകൾ കാറിലേക്ക് തുളച്ചുകയറി; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാക്കനാട്: പിക്കപ്പ് വാനിൽനിന്ന് കെട്ടഴിഞ്ഞു തെറിച്ചുവീണ സ്റ്റീൽ പൈപ്പുകൾ കാറിന്റെ ചില്ലുതകർത്ത് ഉള്ളിലേക്ക് തുളച്ചുകയറി. തൃക്കാക്കര വള്ളത്തോൾ ജങ്ഷനുസമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന പ്ലസ് വൺ വിദ്യാർഥികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കാക്കനാട് ഭാഗത്തുനിന്നു സ്റ്റീൽ പൈപ്പുകളുമായി വന്ന പിക്കപ്പ് വാൻ, കാർഡിനൽ സ്കൂൾ ജങ്ഷനിൽ വെച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണം. ഈ സമയം ജഡ്ജിമുക്ക് റോഡിൽനിന്ന് സീപോർട്ട് റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു കാർ. വാനിന് മുകളിൽ സുരക്ഷിതമല്ലാതെ കെട്ടിയിരുന്ന പൈപ്പുകൾ കെട്ടഴിഞ്ഞ് കുന്തം കണക്കെ മുൻവശത്തുണ്ടായ കാറിലേക്ക് തുളച്ച് കയറുകയായിരുന്നു. വലതുവശത്തെ ചില്ലുകൾ തകർത്ത് പൈപ്പുകൾ ഉള്ളിലേക്ക് വന്നപ്പോൾ പിൻസീറ്റിലിരുന്ന വിദ്യാർഥികൾ പെട്ടെന്ന് വശത്തേക്ക് മാറി. വിദ്യാർഥികൾ കാണിച്ച ഈ ജാഗ്രതയാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
കാറിനുള്ളിലേക്ക് പൈപ്പുകൾ തുളച്ചുനിൽക്കുന്ന കാഴ്ച കണ്ടുനിന്നവരിലും ഞെട്ടലുണ്ടാക്കി. അപകടത്തേത്തുടർന്ന് സീപോർട്ട് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ ചിതറിക്കിടന്ന പൈപ്പുകൾ നാട്ടുകാർ ചേർന്ന് നീക്കംചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Content Highlights: Students in Kakkanad narrowly escaped serious injury when steel pipes from a pickup van pierced their car.