പേരിൽ മാത്രം സ്കൂൾ, അകത്ത് ജയിൽ; മിനി കൂപ്പർ അപകടമുണ്ടാക്കിയ സുഹൈലിനെ പാർപ്പിച്ചത് കേരളത്തിലെ ഏക ബോസ്റ്റൽ സ്കൂളിൽ

#ന്യൂസ് ഡെസ്ക്
കാക്കനാട് ബോസ്റ്റൽ സ്കൂൾ
കാക്കനാട് ബോസ്റ്റൽ സ്കൂൾ

കൊച്ചി: ക്ലാസ്‌മുറികളില്ല, ബെല്ലടിയില്ല, പഠിക്കാൻ പാഠപുസ്തകങ്ങളുമില്ല... പകരം അഴികളും സെല്ലുകളും കാവലാളുകളും ! പേരിൽ സ്കൂളാണെങ്കിലും പ്രവർത്തനത്തിൽ ജയിൽതന്നെ. 66 പേർക്ക് കഴിയാനൊരുക്കിയ ഇടത്ത് ഇപ്പോൾ 120 പേർ. കേരളത്തിന്റെ വടക്കേയറ്റം മുതലുള്ള യുവ തടവുകാരെ പാർപ്പിക്കാനുള്ള ഏകയിടം. എറണാകുളം ജില്ലാ ജയിലിനു സമീപത്തെ കാക്കനാട് ബോസ്റ്റൽ സ്കൂളിന്റെ വിശേഷങ്ങളാണിത്. എയർപോർട്ട് റോഡിലെ മിനി കൂപ്പർ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവത്തിലെ പ്രതി സുഹൈലിനെ ഇവിടെ എത്തിച്ചതോടെയാണ് കാക്കനാട്ടെ ഈ സ്ഥാപനം ചർച്ചകളിൽ നിറഞ്ഞത്.

അനുവദിച്ച ശേഷിയേക്കാൾ ഏറെപ്പേർ കഴിയുന്നതിന്റെ ഞെരുക്കം ഇവിടെയുണ്ട്. 16 സെല്ലുകളാണ് ഇവിടെയുള്ളത്. ഒരു സെല്ലിൽ ഒൻപതും പത്തും പേരെവരെ പാർപ്പിക്കേണ്ട സാഹചര്യമാണുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവതടവുകാരെ ഒരിടത്ത് പാർപ്പിക്കേണ്ടിവരുന്നതാണ് ബോസ്റ്റൽ സ്കൂളിന്റെ പ്രധാന വെല്ലുവിളി. വിദൂരജില്ലകളിൽനിന്നുള്ളവരെപ്പോലും കാക്കനാട്ടെത്തിക്കേണ്ടിവരുന്നത് കുടുംബാംഗങ്ങൾക്കുള്ള സന്ദർശനത്തിനും കോടതികളിൽ ഹാജരാക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നു.

കേരളത്തിലെ ജയിൽവകുപ്പ് തെക്കൻ, മധ്യ, ഉത്തര മേഖലകളായി പ്രവർത്തിക്കുമ്പോൾ യുവതടവുകാർക്കായി ഒരു ബോസ്റ്റൽ സ്കൂൾ മാത്രമാണുള്ളത്. ഓരോ മേഖലയിലും ഓരോ ബോസ്റ്റൽ സ്കൂൾ വീതം സ്ഥാപിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. കൂടുതൽ ബോസ്റ്റൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെങ്കിലും നടപടിയായില്ല.

ബോസ്റ്റൽ സ്കൂളിൽ ഭൂരിഭാഗവും റിമാൻഡ് തടവുകാരാണ്. കോടതി ശിക്ഷിച്ചവരും ഇവിടെയുണ്ട്. ഒരുവർഷത്തിലധികം ശിക്ഷ അനുഭവിക്കേണ്ടവരെ പ്രായവും ചട്ടങ്ങളും പരിഗണിച്ച് മറ്റ് ജയിലുകളിലേക്ക് മാറ്റും. 21 വയസ്സ് പൂർത്തിയാകുന്നവരെയും തുടർന്നുള്ള നടപടിക്രമങ്ങൾക്കനുസരിച്ച് മറ്റ് ജയിലുകളിലേക്ക് മാറ്റും. ബോസ്റ്റൽ സ്കൂൾ എന്ന പേര് യുവതടവുകാരുടെ പുനരധിവാസത്തെ സൂചിപ്പിക്കുമ്പോഴും അതിനനുസരിച്ചുള്ള പഠന-തൊഴിൽ പരിശീലന സൗകര്യങ്ങൾ എത്രത്തോളം ലഭ്യമാണെന്ന ചോദ്യം ബാക്കിയാണ്.

Content Highlights: Kakkanad Borstal School, Kerala's only correctional facility for young offenders where Suhail was recently housed, faces severe overcrowding with 120 inmates against a capacity of 66.