കാഫിർ സ്‌ക്രീൻഷോട്ട്: സന്ദേശത്തിന്റെ ഉറവിടം DYFI പ്രവർത്തകൻ ജിതിൻതന്നെയെന്ന നിഗമനത്തിൽ എസ്ഐടി

വടകര: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ വിവാദസന്ദേശത്തിന്റെ ഉറവിടം അറസ്റ്റിലായ ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ ജിതിൻ ഭാസ്‌കറിന്റെ ഫോണിൽനിന്നുതന്നെയെന്ന നിർണായക കണ്ടെത്തലുമായി എസ്.ഐ.ടി.
ഫൊറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ ജിതിനെ രണ്ടുദിവസം ചോദ്യംചെയ്തതിൽനിന്നാണ് ഈ നിഗമനത്തിലെത്തിയത്. മറ്റൊരു ഫോണിൽനിന്ന് ജിതിന്റെ ഫോണിലേക്ക് ഈ സന്ദേശം വന്നിട്ടില്ലെന്നാണ് കണ്ടെത്തൽ.
ഉറവിടംസംബന്ധിച്ച വിവരം കോടതിക്കു നൽകിയ റിപ്പോർട്ടിലും എസ്.ഐ.ടി. സൂചിപ്പിച്ചിട്ടുണ്ട്.
സന്ദേശം സൃഷ്ടിച്ചത് കണ്ടെത്താതിരിക്കാനാണ് ജിതിൻ ഫോൺ റീസെറ്റ് ചെയ്ത് വിവരങ്ങളെല്ലാം മായ്ച്ചുകളഞ്ഞത്. നേരത്തേ ലോക്കൽ പോലീസ് സന്ദേശം വന്നവഴി അന്വേഷിച്ചപ്പോൾ അവസാനം അന്വേഷണം എത്തിനിന്നത് ഡി.വൈ.എഫ്.ഐ. മുൻ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനിലാണ്. ഈ സമയത്താണ് ജിതിൻ ഫോൺ റീസെറ്റ് ചെയ്തത്. അന്ന് ജിതിനിലേക്ക് അന്വേഷണം നീങ്ങിയില്ല.
ജിതിനാണ് റിബേഷിന് സന്ദേശം അയച്ചതെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. അന്വേഷണം അവിടെ നിലച്ചത് രാഷ്ട്രീയ സമ്മർദംകൊണ്ടാണെന്നാണ് വിവരം.
തിരുവള്ളൂർ സ്വദേശിയായ എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിമിന്റെ പേരിലായിരുന്നു സന്ദേശം സൃഷ്ടിച്ചത്. ജിതിനും തിരുവള്ളൂർ സ്വദേശിയാണ്.
കാസിമിനെ അറിയാവുന്നവരാണ് സന്ദേശത്തിനു പിന്നിലെന്ന് അന്വേഷണസംഘം മനസ്സിലാക്കിയിരുന്നു.
സന്ദേശം സൃഷ്ടിച്ചതിനുപിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നാണ് എസ്.ഐ.ടി. ഇപ്പോൾ അന്വേഷിക്കുന്നത്. ഇല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
പാർട്ടിയുടെ സജീവപ്രവർത്തകനും സൈബർ പോരാളിയുമാണ് ജിതിൻ. പാർട്ടിയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ബ്രോഡ്കാസ്റ്റ് മെസേജിങ് വഴി സൈബർ പ്രവർത്തകരിലേക്ക് എത്തിക്കുന്നതിന് നേതൃത്വം നൽകുന്നത് ജിതിനാണ്.
റീസെറ്റ് ചെയ്ത ഫോൺ വരുംദിവസംതന്നെ തിരുവനന്തപുരത്തെ സംസ്ഥാന ഫൊറൻസിക് ലാബിൽ പരിശോധനയ്ക്കായി അയക്കുന്നതിന് അന്വേഷണസംഘം കോടതിയുടെ അനുമതിതേടും.
രണ്ടുദിവസത്തെ ചോദ്യംചെയ്യലിനുശേഷം ജിതിനെ ശനിയാഴ്ച വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ തിരികെ ഹാജരാക്കി. വീണ്ടും ജിതിൻ ജാമ്യഹർജി സമർപ്പിച്ചിട്ടുണ്ട്. ഇതിൻമേൽ തിങ്കളാഴ്ച വാദംകേൾക്കും.