വിദ്യയുടെ നിയമനം: രസിതയ്ക്ക് സംശയമുണ്ടായിരുന്നു; വിശ്വസനീയമായ മറുപടിയില്‍ വീണു

#സ്വന്തം ലേഖിക
കെ. വിദ്യ | Photo: Mathrubhumi
കെ. വിദ്യ | Photo: Mathrubhumi

കൊച്ചി: വ്യാജരേഖ കേസിലെ പ്രതി വിദ്യക്ക് കാസര്‍കോട് കരിന്തളം കോളേജില്‍ ഗസ്റ്റ് ലക്ചററായി നിയമനം ലഭിച്ചതില്‍ രണ്ടാം റാങ്കുകാരിയായ രസിതക്ക് സംശയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ വിദ്യയുടെ മറുപടി വിശ്വസിപ്പിക്കുന്നതായിരുന്നു എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഉദുമ കോളേജിലെ അഭിമുഖത്തില്‍ പങ്കെടുത്തത് ജോലിക്ക് വേണ്ടിയുള്ള ശ്രമം അല്ലായിരുന്നു എന്നാണ് രസിതയോട്  വിദ്യ  പറഞ്ഞത്. പരിചയമുണ്ടാക്കുന്നതിന് വേണ്ടിയാണ് പങ്കെടുത്തത് എന്നാണ് അവര്‍ പറഞ്ഞത്.

2021 ല്‍ കാസര്‍കോട് ഉദുമ കോളേജില്‍ കാലടി സര്‍വകലാശാലയില്‍ വിദ്യയുടെ സീനിയറായിരുന്ന രസിതക്കാണ് നിയമനം ലഭിച്ചത്. വിദ്യയോടൊപ്പം അഭിമുഖത്തില്‍ പങ്കെടുത്ത രസിതക്കായിരുന്നു യോഗ്യതയുണ്ടായിരുന്നതും നിയമനം ലഭിച്ചതും. എന്നാല്‍ തൊട്ടടുത്ത വര്‍ഷം കാസര്‍കോട് കരിന്തളം കോളേജില്‍ വിദ്യക്കാണ് നിയമനം ലഭിച്ചത്. ഇതേ അഭിമുഖത്തിന് രസിതയും എത്തിയിട്ടുണ്ടായിരുന്നെങ്കിലും രസിത രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. എന്തുകൊണ്ടാണ് താന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതെന്ന് രസിതക്ക് സ്വാഭാവികമായി സംശയം തോന്നി.

വിദ്യയുമായി ബന്ധപ്പെട്ടപ്പോള്‍ ഉദുമ കോളേജിലെ അഭിമുഖത്തില്‍ പങ്കെടുത്തത് ഒരു പ്രാക്ടീസിന് വേണ്ടിയാണെന്നും ഇപ്പോഴാണ് ജോലിക്ക് ആവശ്യം വന്നതെന്നും അന്ന് സര്‍ട്ടിഫിക്കേറ്റുകളൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നുമായിരുന്നു വിദ്യ രസിതയോട് പറഞ്ഞത്. തന്നെ പിന്തള്ളി ജോലി നേടുന്നതിന് വേണ്ടി വിദ്യ ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കുമെന്നോ ഇത്തരത്തില്‍ നുണ പറയുമെന്നോ വിശ്വസിക്കാന്‍ രസിതക്ക് കഴിഞ്ഞിരുന്നില്ലെന്നുമാണ് വിവരം. കരിന്തളത്ത് രസിത അഭിമുഖത്തിനെത്തുമെന്ന് അറിഞ്ഞതിനാലാണ് വിദ്യ വ്യാജ രേഖയുണ്ടാക്കിയതെന്ന് നീലേശ്വരം പൊലീസിന് മൊഴി നല്‍കിയിരുന്നു. 

അതേസമയം കരിന്തളം ഗവ കോളജില്‍ ജോലിക്കായി കെ വിദ്യ വ്യാജരേഖ ചമച്ച കേസ് പരിഗണിക്കുന്നത് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. കേസില്‍ വിശദമായ വാദം നാളെ കേള്‍ക്കും. പൊലീസ് സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിക്കണമെന്ന് കോടതി അറിയിച്ചു. എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച് കരിന്തളം ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജോലി നേടിയ കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയെ ചൊവ്വാഴ്ചയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.

Content Highlights: K Vidhya forged documents case guest lecturer