'ആര്‍എസ്എസ് നേതാവിനെ എഡിജിപി കണ്ടതിൽ എന്താണ് തെറ്റ്'; കൂടിക്കാഴ്ച സ്ഥിരീകരിച്ച് കെ. സുരേന്ദ്രന്‍

കെ.സുരേന്ദ്രന്‍, ദത്താത്രേയ ഹൊസബാളെ, എം.ആർ. അജിത് കുമാർ| photo: mathrubhumi, PTI
കെ.സുരേന്ദ്രന്‍, ദത്താത്രേയ ഹൊസബാളെ, എം.ആർ. അജിത് കുമാർ| photo: mathrubhumi, PTI

പത്തനംതിട്ട: എഡി.ജി.പി. ആര്‍.എസ്.എസ്. നേതാവിനെ കണ്ടതില്‍ എന്താണ് തെറ്റെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍. പൂരവുമായി ബന്ധപ്പെട്ടാണ് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും എം.ആർ. അജിത് കുമാറും ചർച്ച നടത്തിയതെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം ഉണ്ടയില്ലാവെടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ആറന്‍മുളയില്‍ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എ.ഡി.ജി.പി. അജിത്ത്കുമാറും ആര്‍.എസ്.എസ്. നേതാവും തമ്മില്‍ കൂടിക്കാഴ്ച നടന്നത് 2023-ലാണ്. 2024-ലെ പൂരം കലക്കാന്‍ അന്നേ ചര്‍ച്ചനടത്തിയെന്ന് പറയുന്നതില്‍ എന്ത് ലോജിക്കാണുള്ളതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഹോട്ടലില്‍ പോയി അജിത്ത് കുമാര്‍, ഹൊസബാളെയെ കണ്ടു എന്നാണ് സതീശന്‍ ആരോപിക്കുന്നത്. ആര്‍.എസ്.എസ്. നേതാക്കള്‍ ഒരിക്കലും ഹോട്ടലുകളില്‍ താമസിക്കാറില്ല. 

തൃശ്ശൂര്‍ വിവേകോദയം സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ താമസിക്കുകയായിരുന്ന അദ്ദേഹത്തെ അജിത്ത്കുമാര്‍ ചെന്നു കാണുകയായിരുന്നു. അവര്‍ തമ്മില്‍ കണ്ടിട്ടുണ്ടെങ്കില്‍ എന്താണ് തെറ്റെന്നും സുരേന്ദ്രന്‍ ചോദിച്ചു. സംസ്ഥാന പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഒരു പൊതുപ്രവര്‍ത്തകനെ കാണുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കൂടിക്കാഴ്ച എ.ഡി.ജി.പി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പിന്നെ താനെന്തിനാണ് ഇല്ലായെന്ന് പറയുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

സിപി.എം-ബി.ജെ.പി അന്തര്‍ധാര ഉണ്ടെന്ന സതീശന്റെ വാദം തെറ്റാണെന്നു പറഞ്ഞ അദ്ദേഹം, സി.പി.എമ്മിനെ തോല്‍പ്പിച്ച് കേരളം പിടിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.

Content Highlights: K Surendran says What wrong with ADGP meet RSS leader