‘സർക്കാർ നയങ്ങളെ ന്യായീകരിക്കുന്നത് ജനാധിപത്യമോ സമഗ്രാധിപത്യമോ?’; ഫേയ്സ്ബുക്ക് കുറിപ്പുമായി സച്ചിദാനന്ദൻ

കെ. സച്ചിദാനന്ദൻ | ഫോട്ടോ: സി.ആര്‍. ഗീരീഷ് കുമാര്‍/മാതൃഭൂമി
കെ. സച്ചിദാനന്ദൻ | ഫോട്ടോ: സി.ആര്‍. ഗീരീഷ് കുമാര്‍/മാതൃഭൂമി

കോഴിക്കോട്: സർക്കാർ നയങ്ങളെ ന്യായീകരിക്കുന്ന സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരെ പരോക്ഷമായി വിമർശിച്ച് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ. സച്ചിദാനന്ദൻ. സർക്കാരിന്‍റെ അന്നന്നുള്ള നയങ്ങളെ ന്യായീകരിക്കുന്നത് ജനാധിപത്യമാണോ, അതോ സമഗ്രാധിപത്യമാണോ എന്നും സച്ചിദാനന്ദൻ ചോദിക്കുന്നു. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സച്ചിദാനന്ദന്‍റെ പ്രതികരണം.

സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവർക്ക് അവരവരുടെ മേഖലയിലുള്ള ജ്ഞാനവും ഭരണപരിചയവും പോരേയെന്നും അദ്ദേഹം ചോദിക്കുന്നു. മറ്റു പദവികൾ അവരുടെ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തുന്നു എന്ന് കരുതുന്നവർ സമഗ്രാധിപത്യത്തിന്‍റെ ആരാധകരും ഭീരുക്കളും ആണെന്നും അദ്ദേഹം പറയുന്നു.

സച്ചിദാനന്‍റെ ഫേയ്സ്ബുക്ക് കുറിപ്പ്:
സാംസ്കാരികസ്ഥാപനങ്ങളുടെ തലവര്‍, എന്തിന്, വൈസ്- ചാന്‍സലര്‍ മുതൽ ഹെഡ്മാസ്റ്റര്‍ വരെയുള്ളവര്‍, അന്നന്നുള്ള സർക്കാരിന്റെ നയങ്ങള്‍ ന്യായീകരിക്കുന്നവര്‍ ആവേണ്ടതുണ്ടോ? എങ്കില്‍ അത് ജനാധിപത്യമാണോ, അതോ സമഗ്രാധിപത്യമാണോ? അവര്‍ക്കു അവരവരുടെ മേഖലയില്‍ ഉള്ള ജ്ഞാനവും ഭരണപരിചയവും പോരെ? പൗര/ന്‍ എന്ന നിലയിലുള്ള സ്വാതന്ത്ര്യത്തെ അവരുടെ മറ്റു പദവികള്‍ നഷ്ടപ്പെടുത്തുന്നുണ്ടോ? ഞാന്‍ അങ്ങനെ കരുതുന്നില്ല, എന്നു തന്നെയല്ല, അങ്ങനെ കരുതുന്നവര്‍ ഉള്ളില്‍ സമഗ്രാ ധിപത്യത്തിന്റെ ആരാധകരും ഭീരുക്കളും ആണെന്നും എനിക്ക് സംശയമില്ല.