എന്തിനാണ് പെന്‍ഷനില്‍ കയ്യിട്ടുവാരുന്നത് ? ദ്രോഹമാണിത്, കര്‍ശന നടപടി വേണം- കെ. മുരളീധരന്‍

K Muraleedharan | Photo: Channel
K Muraleedharan | Photo: Channel

കോഴിക്കോട്: ക്ഷേമപെന്‍ഷന്‍ നിയമവിരുദ്ധമായി കൈപ്പറ്റിയ സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഒരു ബിഎംഡബ്ല്യൂ കാറിന് വേണ്ട പെട്രോളിനുള്ള കാശിന്റെ പകുതി പോലുമില്ല 1600 രൂപ. എന്തിനാണ് അതില്‍ കയ്യിട്ടുവാരുന്നത് ? അത് ചെയ്യുന്നവര്‍ നാടന്‍ ഭാഷയില്‍ പെറുക്കികളാണെന്നും അത് അവര്‍ക്ക് കൊടുക്കുന്നവര്‍ അതിലേറെ കഷ്ടമാണെന്നും മുരളീധരന്‍ പറഞ്ഞു. 

ഒരു മാസം ഒരു ലക്ഷം വരുമാനമുള്ള വിദ്വാന്‍മാര്‍ വെറും 1600 രൂപ വാങ്ങുകയെന്നത് മനപ്പൂര്‍വമുള്ള ദ്രോഹമാണെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശക്തമായുള്ള നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സംസ്ഥാനത്തെ ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം ലഭിക്കുന്ന പദ്ധതിയാണ് ക്ഷേമപെന്‍ഷന്‍.  ജീവിതം വഴിമുട്ടിയവര്‍ക്ക് മാസം 1600 രൂപ കിട്ടുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയില്‍ നിന്ന് പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ കൈയിട്ടുവാരുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുതല്‍ കോളേജ് അധ്യാപകര്‍ വരെയുള്ള 1458 പേരാണ് അനധികൃതമായി മാസം തോറും 1600 രൂപ കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്.ധനവകുപ്പിന്റെ നിര്‍ദേശത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ അന്വേഷണത്തിലാണ്  തട്ടിപ്പ് കണ്ടെത്തിയത്. അനധികൃതമായി കൈപ്പറ്റിയ പണം പലിശ സഹിതം തിരിച്ചുപിടിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കഴിഞ്ഞദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആറ് മാസമായെന്നും അതിനു ശേഷം കമ്മിറ്റി കൂടിയിട്ടില്ലെന്നും തൃശ്ശൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട പാര്‍ട്ടി നടപടികളെ കുറിച്ചുള്ള ചോദ്യത്തിന് മുരളീധരന്‍ മറുപടി നൽകി.  താന്‍ പരാതി പറഞ്ഞിട്ടില്ലാത്തതിനാല്‍ അത് താന്‍ അന്വേഷിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടിയെ എങ്ങനെ താഴെത്തട്ടില്‍ ശക്തിപ്പെടുത്താം എന്നാണ് ഇനി ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  തൃശ്ശൂർ ഡിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

എസ്.ഡി.പി.ഐ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗം പങ്കെടുത്ത സംഭവത്തില്‍ മുസ്ലീം ലീഗ് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും അതില്‍ പങ്കെടുത്തിട്ടില്ല. 

പാലക്കാട് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എസ്ഡിപിഐ ആഹ്ലാദപ്രകടനം നടത്തിയതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഫലം പൂര്‍ണമായും വന്നതിന് ശേഷം ആഹ്ലാദപ്രകടനം നടത്താനാണ് തങ്ങള്‍ കാത്തിരുന്നതെന്നും അതിന് മുമ്പ് ആരെങ്കിലും ആഹ്ലാദപ്രകടനം നടത്തിയാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: k muraleedharan on welfare fund scam