ജ. സിരിജഗൻ;തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്നും മൃഗസ്നേഹികൾ പറയുന്നത് ശരിയല്ലെന്നും പറഞ്ഞ ന്യായാധിപൻ

#വി.എസ്. സിജു
ജസ്റ്റിസ് എസ്. സിരിജഗന്‍ | Photo: mathrubhumi archives
ജസ്റ്റിസ് എസ്. സിരിജഗന്‍ | Photo: mathrubhumi archives

കൊച്ചി: തെരുവുനായ്ക്കളുടെ കാര്യത്തിൽ മൃഗസ്‌നേഹികൾ പറയുന്നത് ശരിയല്ലെന്ന് തുറന്നുപറയാനും അക്കാര്യം സുപ്രീംകോടതിയെ നേരിട്ടറിയിക്കാനും ധൈര്യം കാണിച്ച, ജനങ്ങളുടെ മനസ്സറിഞ്ഞ ന്യായാധിപനായിരുന്നു ശനിയാഴ്ച രാത്രി വിടപറഞ്ഞ ജസ്റ്റിസ് എസ്. സിരിജഗൻ. 2016-ൽ സുപ്രീംകോടതിയാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ജസ്റ്റിസ് എസ്. സിരിജഗൻ കമ്മിറ്റിയെ നിയമിച്ചത്. തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ച സാഹചര്യത്തിൽ മുൻപ് 'മാതൃഭൂമി'ക്ക് നൽകിയ അഭിമുഖത്തിൽ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. എല്ലാത്തിനെയും കൊല്ലാനാകില്ല, പക്ഷേ എണ്ണം നിയന്ത്രിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇക്കാര്യം സുപ്രീംകോടതിയിൽ 2016-ൽ നൽകിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ഇറച്ചിയുടെ അവശിഷ്ടം കഴിച്ച് തെരുവുനായ്ക്കളുടെ സ്വഭാവത്തിൽ പോലും മാറ്റം ഉണ്ടായിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനായി ആവിഷ്‌കരിച്ച എബിസി പ്രോഗ്രാം തദ്ദേശ സ്ഥാപനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന വിമർശനവും ഉന്നയിച്ചിരുന്നു. എന്നാൽ തെരുവുനായ്ക്കളെയെല്ലാം കൊല്ലുന്നത് ഇക്കോ സിസ്റ്റത്തിന് ഗുണകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

തെരുവുനായ്ക്കളുടെ ശല്യവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്ക് ആദ്യം റിപ്പോർട്ട് നൽകിയ സമയത്ത് എതിർപ്പ് ഉന്നയിച്ചെത്തിയ മൃഗസ്‌നേഹികൾ ജസ്റ്റിസ് സിരിജഗനോട് പറഞ്ഞത് ബിസ്‌കറ്റ് കൊടുത്താൽ തെരുവുനായ്ക്കൾ കടിക്കില്ലെന്നായിരുന്നു. സ്‌കൂളിൽ പോകുന്ന കുട്ടിക്ക് ബിസ്‌കറ്റുമായി പോകാനാകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായ ഒട്ടേറേ പേർക്ക് ഏകാംഗ കമ്മിഷൻ എന്ന പരിമിതിക്കിടയിലും പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിച്ചു.

10,000 രൂപ മുതൽ 30 ലക്ഷം രൂപവരെ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടിട്ടുണ്ട്. എറണാകുളത്ത് സിരിജഗൻ കമ്മിറ്റി ഓഫീസിൽ ഫോണോ, ഇൻർനെറ്റ്കണക്ഷനോ ഒന്നും ഉണ്ടായിരുന്നില്ല. സുപ്രീംകോടതി തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട വിഷയം തീർപ്പാക്കി അതാത് ഹൈക്കോടതികളുടെ പരിഗണനയ്ക്ക് വിട്ടതോടെയാണ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം അവസാനിച്ചത്. നിലവിൽ ലീഗൽ സർവീസ് അതോറിറ്റിയിലാണ് നഷ്ടപരിഹാരത്തിനായി പരാതി നൽകേണ്ടത്.

കൊല്ലം മയ്യനാട് തൊടിയിൽ കുടുംബാംഗമായ അദ്ദേഹം കേരള യൂണിവേഴ്സിറ്റിയിൽ നിന്നാണ് നിയമബിരുദം നേടിയത്. പിന്നീട് കൊച്ചി യൂണിവേഴ്സിറ്റിയിൽനിന്ന് എൽഎൽഎം നേടി. കൊല്ലത്താണ് പ്രാക്ടീസ് തുടങ്ങിയത്. പിന്നീട് ഹൈക്കോടതിയിലേക്ക് പ്രാക്ടീസ് മാറ്റി. എറണാകുളത്ത് ജോസഫ് ആൻഡ് കുര്യൻ ലോ ഫേമിലായിരുന്നു. 2004-ലാണ് ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായത്. ഭരണഘടനാ നിയമത്തിലും ലേബർ ലോയിലും മികവുതെളിയിച്ചു. നുവാൽസ് വൈസ് ചാൻസലർ എന്ന നിലയിൽ നിയമപഠന മേഖലയിലും സംഭാവന നൽകാൻ കഴിഞ്ഞു. ഹൈക്കോടതി ജഡ്ജി എന്ന നിലയിൽ പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കുന്നു എന്നുറപ്പാക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

Content Highlights: Justice S. Siri Jagan, known for his bold stance on stray dog control, spoke out against animal lovers` views. Learn about his legacy and Supreme Court committee.