ജോസ് വള്ളൂർ തൃശ്ശൂര്‍ ഡി.സി.സി ഓഫീസിലെത്തി, രാജിസമർപ്പിച്ചേക്കും, സ്ഥലത്ത് സംഘർഷാവസ്ഥ| VIDEO

ജോസ് വള്ളൂർ തൃശ്ശൂര്‍ ഡി.സി.സി ഓഫീസിലേക്കെത്തുന്നു| photo: screengrab/mathrubhumi news
ജോസ് വള്ളൂർ തൃശ്ശൂര്‍ ഡി.സി.സി ഓഫീസിലേക്കെത്തുന്നു| photo: screengrab/mathrubhumi news

തൃശ്ശൂര്‍: നേതൃത്വത്തിന്റെ രാജി ആവശ്യത്തിനുപിന്നാലെ തൃശ്ശൂര്‍ ഡി.സി.സി അധ്യക്ഷൻ ജോസ് വള്ളൂർ ഡിഡിസി ഓഫീസിലെത്തി. ജോസിന് അഭിവാദ്യം അർപ്പിച്ച് നിരവധി പ്രവർത്തകരാണ് അദ്ദേഹത്തോടൊപ്പം ഇവിടേക്കെത്തിയത്. ജോസ് വള്ളൂരിനെ എതിർക്കുന്ന ഒരു വിഭാ​ഗം പ്രവർത്തകരും കോൺ​ഗ്രസ് കൗൺസിലർമാരും ഇതേസമയം ഓഫീസിലുണ്ടായിരുന്നു. ഇരുവിഭാ​ഗവും തമ്മിൽ പിന്നീട് ഉന്തും തള്ളുമുണ്ടായി. എന്നാൽ വലിയ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിയില്ല. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. നിലവിൽ ഡിഡിസി ഓഫീസിൽ ജോസ് വള്ളൂർ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്. ഇതിനുശേഷമാവും രാജി സംബന്ധിച്ച തീരുമാനം ഉണ്ടാവുക. യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി വിൻസന്റും ഓഫീസിലെത്തിയിട്ടുണ്ട്. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലുണ്ടായ തോല്‍വിക്കും ഡി.സി.സി. ഓഫീസിലെ കൂട്ടത്തല്ലിനും പിന്നാലെ തൃശ്ശൂര്‍ ഡി.സി.സി അധ്യക്ഷൻ ജോസ് വള്ളൂരിനും യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി വിൻസന്റിനോടും കഴിഞ്ഞദിവസം പാർട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടിരുന്നു. എഐസിസി നിർദേശം ജോസിനേയും വിൻസന്റിനേയും കെപിസിസി അറിയിക്കുകയായിരുന്നു. പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന് ഡിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതലയും നൽകി. 

ഡി.സി.സി അധ്യക്ഷൻ ജോസ് വള്ളൂരിനെ നേരത്തെ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കൂട്ടത്തല്ലില്‍ വിശദീകരണവുമായി ജോസ് വള്ളൂരും രംഗത്തെത്തി. കൂട്ടത്തല്ല് മദ്യലഹരിയില്‍ ഡി.സി.സി സെക്രട്ടറി സജീവന്‍ കുരിച്ചിറയുടെ നേതൃത്വത്തിൽ ഉണ്ടായതാണെന്നായിരുന്നു തൃശ്ശൂര്‍ ഡി.സി.സിയുടെ വിശദീകരണം. കെ.എസ്.യു. നേതാവിനെയും സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്ററെയും പ്രകോപനമില്ലാതെ സജീവന്‍ മര്‍ദിച്ചുവെന്നും വിശദീകരണത്തില്‍ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളുമായിട്ടായിരുന്നു ജോസ് വള്ളൂര്‍ ഡല്‍ഹിയിൽ നേതാക്കളെ കാണാനെത്തിയത്.

ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍, ടി.എന്‍. പ്രതാപന്‍ എന്നിവര്‍ക്കെതിരേ ഡി.സി.സി.യുടെ മതിലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിച്ച പോസ്റ്ററിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൈയേറ്റത്തിലെത്തിയത്. പോസ്റ്റര്‍ പതിച്ചത് സജീവന്‍ കുരിയച്ചിറയുടെ അറിവോടെയാണെന്നാരോപിച്ചാണ് ബഹളം തുടങ്ങിയത്. ഡി.സി.സി. സെക്രട്ടറിയും ഏതാനും പ്രവര്‍ത്തകരും ഓഫീസിന്റെ താഴത്തെ നിലയില്‍ നില്‍ക്കുമ്പോള്‍ സ്ഥലത്തെത്തിയ ജോസ് വള്ളൂരുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സജീവന്‍ കുരിയച്ചിറയെ മര്‍ദിക്കുകയായിരുന്നുവെന്നാണ് കെ. മുരളീധരന്റെ അനുയായികളെന്നവകാശപ്പെടുന്നവര്‍ പറഞ്ഞത്. തമ്മിൽതല്ലിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നത് കേരളത്തിലെ വലിയ വിജയത്തിനിടയിലും കോൺ​ഗ്രസ് നേതൃത്വത്തിന് നാണക്കേടുണ്ടാക്കിയിരുന്നു.

Content Highlights: Jose Vallur has reached the Thrissur DCC office and may submit his resignation