ബ്രോഡ്കാസ്റ്റിൽ അടിയുറച്ച കോൺഗ്രസുകാരുമുണ്ട്, പറയാൻ ഒത്തിരി ഉണ്ട്- വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ടിൽ വെല്ലുവിളിയുമായി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ. പത്തുപേർക്കെങ്കിലും താൻ സ്ക്രീൻഷോട്ട് അയച്ചത് കാണിച്ചു തരാമോ എന്നും അങ്ങനെ കാണിച്ചു തന്നാൽ അത് ഞാനാണ് ചെയ്തത് എന്ന് ഉറപ്പിക്കാമെന്നും ജിതിൻ ഫേയ്സ്ബുക്കിൽ കുറിച്ചു. റിമാൻഡിലായിരുന്ന ജിതിൻ കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതനായത്. തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും ജിതിൻ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:
പറയാൻ ഒത്തിരി ഉണ്ട്. കേസ് കോടതിയിലാണ്. പറയണ്ടെന്ന് പാർട്ടി നേതൃത്വം പറഞ്ഞതുകൊണ്ട് പറയുന്നില്ല. എന്നാലും ഒന്ന് 200 പേർക്ക് ഞാൻ ബ്രോഡ്കാസ്റ്റ് ചെയ്തു എന്നാണ് പറയുന്നത്. എന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിൽ 250 ഓളം ആളുകളുണ്ട് അതിൽ തിരുവള്ളൂരിലെ അടിയുറച്ച കോൺഗ്രസുകാർ ഉണ്ട്.
ഹരിപ്രസാദ് സി.കെ. മുതൽ എന്റെ സുഹൃത്ത് അൽ അമീൻ വരെ, എന്റെ പ്രദേശത്തെ കോൺഗ്രസുകാരുടെ മക്കൾ, കോൺഗ്രസ് ആയിട്ടുള്ള എന്റെ അയൽവക്കമുള്ളവർ ഇവരൊക്കെ ഞാൻ ബ്രോഡ്ക്കാസ്റ്റ് ഉപയോഗിച്ച് പോസ്റ്ററുകളും ഭരണമുള്ളപ്പോൾ വികസന നേട്ടങ്ങളും പ്രതിപക്ഷത്തിന്റെ പൊള്ളത്തരങ്ങളും തുറന്നു കാണിച്ചിട്ടുള്ള ആശയങ്ങൾ പങ്കുവെക്കാറുണ്ട്. അന്ന് സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടപ്പോൾ ഞാൻ 200 പേർക്ക് അയച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.
നിങ്ങൾക്ക് സാധിക്കുമെങ്കിൽ എന്റെ സുഹൃത്തുക്കൾ ആയിട്ടുള്ള കോൺഗ്രസുകാരുടെയും മറ്റ് എന്റെ ബ്രോഡ്കാസ്റ്റിൽ ഉള്ള ആരുടെയെങ്കിലും കൈയിൽനിന്ന് 200 പേർക്ക് വേണ്ട ഒരു 10 പേർക്ക് അയച്ചിട്ടുള്ള ഈ പോസ്റ്ററിന്റെ സ്ക്രീൻഷോട്ട് കാണിച്ചു തരാൻ പറ്റുമോ? അങ്ങനെ കാണിച്ച് തന്നാൽ ഇത് ചെയ്തത് ഞാനാണ് എന്ന് ഉറപ്പിച്ചോ.
Content Highlights: Jithin Bhaskar challenges the allegation of sending the Kafir screenshot to 200 people., He claims his broadcast list includes staunch Congress members who can verify the content sent., Bhaskar asserts that he is willing to take responsibility if evidence is provided., The case is currently sub judice, and he is following party directives regarding public statements.