ഭര്‍ത്താവിനെ മരണം തട്ടിയെടുത്തത് 5 മാസം മുമ്പ്, പിന്നാലെ ജെസിയും; അമ്മയുടെ വിയോഗമറിയാതെ മകള്‍

നാടകസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച ജെസി മോഹനന്‍, അപകടത്തില്‍പ്പെട്ട വാഹനം | Photo: mathrubhumi
നാടകസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച ജെസി മോഹനന്‍, അപകടത്തില്‍പ്പെട്ട വാഹനം | Photo: mathrubhumi

ഓച്ചിറ: നാടകത്തോട് അവള്‍ക്ക് വല്ലാത്ത പ്രണയമായിരുന്നു. മരണത്തിലും എന്റെ ജെസി നാടകത്തെ കൈവിട്ടില്ല-മകളെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ മനമുരുകി കുട്ടിയമ്മ വിലപിക്കുമ്പോള്‍ കണ്ടുനിന്നവര്‍ക്കും കണ്ണീരടക്കാനായില്ല.

നാടകനടിയെന്ന നിലയില്‍ ജെസി മോഹനന് നിരവധി അവാര്‍ഡുകളും പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. കേരളത്തിലെ മികച്ച നാടകപ്രവര്‍ത്തകയ്ക്കുള്ള എന്‍.ബി.ത്രിവിക്രമന്‍ പിള്ള ഫൗണ്ടേഷന്റെ അവാര്‍ഡാണ് അവസാനമായി ലഭിച്ചത്. ജെസിയുടെ അച്ഛന്‍ ചങ്ങനാശ്ശേരി, ചെത്തിപ്പുഴ, മോഴൂര്‍ വീട്ടില്‍ പരേതനായ ബേബിച്ചന്‍ നാടകനടനായിരുന്നു. മകളെ നാടകനടിയാക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചു. അങ്ങനെ അച്ഛന്റെ ആഗ്രഹപ്രകാരം മൂന്നാമത്തെ വയസ്സിലാണ് ജെസി ആദ്യമായി നാടകത്തിനുവേണ്ടി മുഖത്ത് ചായമിടുന്നത്. ലോകം എന്തെന്നറിയാത്ത പ്രായത്തില്‍, സിനിമാനടന്‍ ആലുംമൂടനും ബേബിച്ചനുമെല്ലാം അഭിനയിച്ച നാടകത്തില്‍ നായകനടന്റെ മകളായിട്ടായിരുന്നു തുടക്കം.

ജെസി മോഹനന്‌ അവസാനമായി ലഭിച്ച ത്രിവിക്രമൻ പിള്ള ഫൗണ്ടേഷന്റെ അവാർഡുമായി അമ്മ കുട്ടിയമ്മ

പതിനഞ്ചാമത്തെ വയസ്സിലായിരുന്ന ഒരുനടിയെന്നനിലയില്‍ അരങ്ങത്തെത്തുന്നത്. തുടര്‍ന്ന് നീണ്ട 45 വര്‍ഷക്കാലം നാടകത്തിനൊപ്പം വേദികളില്‍നിന്ന് വേദികളിലേക്കുള്ള പ്രയാണമായിരുന്നു. കേരളത്തിലെ പ്രശസ്തമായ സമിതികളിലെല്ലാം പ്രവര്‍ത്തിച്ചു. നാടകലോകത്തുവെച്ചാണ് പ്രശസ്ത നടനായ തേവലക്കര മോഹനുമായി പരിചയത്തിലാകുന്നത്. പരിചയം പ്രണയത്തിനു വഴിമാറിയതോടെ അവര്‍ ജീവിതപങ്കാളികളായി. ഇരുവരും ചേര്‍ന്ന് കൊല്ലം സ്വാതി തിയേറ്റേഴ്‌സ് എന്ന നാടകസമിതിയുമായി മുന്നോട്ടുപോയി. എന്നാല്‍ അഞ്ചുമാസംമുന്‍പ് മോഹനെ മരണം തട്ടിയെടുത്തു. കരള്‍രോഗം ബാധിച്ചായിരുന്നു മരണം. ഇതേത്തുടര്‍ന്ന് നടത്താന്‍ കഴിയാതെ നാടകസമിതി താത്കാലികമായി പിരിച്ചുവിട്ടു.

നാടകത്തെ പിരിയാന്‍ ജെസിക്കായില്ല. അവസാനം കായംകുളം ദേവ കമ്യൂണിക്കേഷന്റെ പുതിയ നാടകമായ 'വനിതാ മെസ്സില്‍' അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുക്കുന്നത്. ഏകമകള്‍ സ്വാതി മോഹന്‍ വെള്ളിയാഴ്ച ഏറെ വൈകിയും അമ്മയുടെ വിയോഗം അറിഞ്ഞിട്ടില്ല. മരുമകന്‍ അനു കണ്ണൂരിലേക്ക് പോയിരിക്കുകയാണ്. നാടകത്തില്‍നിന്ന് ഒന്നും സമ്പാദിക്കാന്‍ കഴിയാതെപോയ െജസി ഓച്ചിറ വലിയകുളങ്ങര, കലാമന്ദിര്‍ എന്ന വാടകവീട്ടിലായിരുന്നു താമസം.

Content Highlights: Renowned Kerala theatre actress Jessi Mohan passes away. A legacy of 45 years on stage