താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

വയനാട്: താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളില്‍ ഒരാളുടെ കീശയില്‍നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതായും വിവരം. കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശികളായ ഇര്‍ഷാദ്, ഫാഫിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ താമരശ്ശേരി ചുരം ഇറങ്ങിവരുമ്പോഴാണ് വാഹനം അപടകത്തില്‍ പെട്ടത്.
ചുരത്തിന്റെ നാലാം വളവിലെത്തി വിശ്രമിച്ച ശേഷമാണ് യുവാക്കള്‍ വീണ്ടും യാത്രതിരിച്ചത്. വീണ്ടും താഴേക്ക് വരുമ്പോള്‍ രണ്ടാംവളവില്‍ വെച്ചാണ് ജീപ്പ് കൊക്കയിലേക്ക് മറഞ്ഞത്. നാട്ടുകാര്‍ ഉടന്‍തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് യുവാക്കളെ പുറത്തെത്തിച്ച് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍വെച്ച് നടത്തിയ പരിശോധനയിലാണ് ഇര്‍ഷാദ് എന്ന വിദ്യാര്‍ഥിയുടെ കീശയില്‍നിന്നും എം.ഡി.എം.എ. കണ്ടെടുത്തത് എന്നാണ് വിവരം. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി കേസെടുത്തു. എം.ഡി.എം.എ. ഉപയോഗിച്ചതാണോ അപകടത്തിലേക്ക് നയിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. വിദ്യാര്‍ഥികള്‍ക്ക് എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും വാഹനം ആരുടേതാണ് എന്നതുമടക്കമുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: jeep accident at thamarassery churam police finds mdma in victims pocket