ജല്‍ജീവന്‍ മിഷന്‍; പണികഴിഞ്ഞിട്ടും കരാറുകാര്‍ക്ക് പണമില്ല, വെട്ടിപ്പൊളിച്ച റോഡുകളുടെ നവീകരണം വൈകും

കോട്ടയം: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ച ഗ്രാമീണറോഡുകളുടെ നവീകരണം വൈകും. 37,427 കിലോമീറ്റർ റോഡുകൾ കുഴിച്ചതിൽ നന്നാക്കിയത് 9646 കിലോമീറ്റർ മാത്രം. പണി പൂർത്തിയായതിൽ പണം കിട്ടാതെവന്നതോടെ കരാറുകാർ പിന്മാറിയതാണ് റോഡ് നവീകരണത്തെ ബാധിച്ചത്. 27,781 കിലോമീറ്ററിൽ യാത്രാദുരിതം ബാക്കി.
ഈ സ്ഥിതി ഇനിയും തുടരാനാണ് സാധ്യത. റോഡ് നവീകരണത്തിനുമാത്രം 2000 കോടി രൂപയോളം വേണ്ടിവരുമെന്നാണ് കരാറുകാർ നൽകുന്ന വിവരം. ഇതടക്കമാണ് പ്രവൃത്തി ടെൻഡർ ചെയ്യുക. പൈപ്പിടുന്ന ജോലിയും പൊളിച്ച റോഡ് നന്നാക്കുന്ന ജോലിയും ഒരാൾതന്നെ കരാർ എടുക്കുന്ന രീതിയുണ്ട്. രണ്ടും രണ്ടുപേർക്ക് നൽകുന്ന സ്ഥലങ്ങളുമുണ്ട്.
2020-ൽ ആരംഭിച്ച ജൽജീവൻ പദ്ധതിയിൽ 44,714 കോടിയുടെ പ്രവൃത്തികളാണ് പൂർത്തിയാക്കേണ്ടത്. 2024-’25 സംസ്ഥാനബജറ്റിൽ 550 കോടിമാത്രമേ ഇതിനായി നീക്കിവെച്ചിട്ടുള്ളൂ. പൂർത്തിയായ പദ്ധതികളിൽ കരാറുകാർക്ക് നൽകാനുള്ളത് 3306 കോടിയാണ്. ഈ സാമ്പത്തികവർഷം 1201 കോടി മാത്രമേ ചെയ്ത പണികൾക്ക് നൽകാനായുള്ളൂ. സംസ്ഥാനത്ത് ഇതേവരെ പദ്ധതിക്ക് ചെലവിട്ടത് 10,363 കോടിയാണ്. ഇതിൽ 5131 കോടി കേന്ദ്രവിഹിതവും 5231 കോടി സംസ്ഥാന വിഹിതവുമാണ്. 90 ശതമാനത്തിലധികവും ഗ്രാമീണ റോഡുകളെയാണ് ബാധിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെയാണ് റോഡിൽ പൈപ്പിടുക. പണി പാളിയതോടെ ഭരണസമിതികൾ വെട്ടിലായി.
തകർന്ന റോഡുകളുടെ നവീകരണത്തിന് ഉടൻ 500 കോടിയെങ്കിലും ആവശ്യമായി വരുമെന്ന് ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കണ്ണംപള്ളി പറഞ്ഞു
പ്രതിസന്ധിരൂക്ഷം
*ശബരിമല തീർഥാടനത്തിന് ഒരു മാസം ബാക്കിനിൽക്കെ റോഡുകൾ ശരിയാകാത്തത് വലിയ വെല്ലുവിളി. പ്രധാന പാതകളിൽ നിന്ന് ബൈപ്പാസായും എളുപ്പവഴിയായും ഗ്രാമീണ റോഡുകളാണ് ഉപയോഗിക്കുന്നത്.
* ശബരിമല ഇടത്താവളങ്ങളിലേക്കുള്ള വഴികളും തകർന്നവയിൽപ്പെടും
* നവംബർ 16-ന് മുൻപ് പൂർത്തിയാക്കേണ്ട ശബരിമല റോഡുകളുടെ നവീകരണവും വൈകുന്നു. ഇവയ്ക്ക് ഭരണാനുമതി പോലുമായിട്ടില്ല
Content Highlights: jal jeevan mission ppgradation of cut roads will be delayed