മഴമാറിനിന്നു, അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിച്ച് ധൻകർ; മൺറോത്തുരുത്ത് സന്ദർശിക്കാനായില്ല

ഉപരാഷ്ട്രപതി സാമൂഹികമാധ്യമമായ 'എക്‌സി'ൽ പങ്കുവെച്ച അഷ്ടമുടിക്കായലിന്റെ ചിത്രം
ഉപരാഷ്ട്രപതി സാമൂഹികമാധ്യമമായ 'എക്‌സി'ൽ പങ്കുവെച്ച അഷ്ടമുടിക്കായലിന്റെ ചിത്രം

കൊല്ലം: മഴ മാറിനിന്ന സായന്തനത്തിൽ ഇളംകാറ്റേറ്റ് അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിച്ച ഉപരാഷ്ട്രപതി ഡോ. ജഗ്‌ദീപ് ധൻകറും കുടുംബവും സംതൃപ്തിയോടെ കൊല്ലത്തുനിന്ന് മടങ്ങി. ഇവിടത്തെ കായൽ സൗന്ദര്യത്തെയും വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാകുന്ന കാഴ്ചകളെയും പ്രകീർത്തിച്ച് സാമൂഹിക മാധ്യമമായ ‘എക്‌സി’ൽ അദ്ദേഹം കുറിപ്പും പോസ്റ്റ്ചെയ്തു. കേരളത്തിന്റെ അനുപമവും സമൃദ്ധവുമായ പച്ചപ്പിനെയും അദ്ദേഹം പ്രശംസിച്ചു.

‘ഭാരതത്തിലെ ഏതു പ്രദേശത്തുപോയാലും അവിടം വിനോദസഞ്ചാരത്തിന്റെ പറുദീസ ആയിരിക്കും. സമൃദ്ധമായ പച്ചപ്പാൽ നിബിഡമായ കേരളത്തിലെ "പുറംകായൽ" ആകർഷകവും മോഹിപ്പിക്കുന്നതും എപ്പോഴും നമ്മെ ക്ഷണിക്കുന്നതുമായ ഒരു പ്രതിഭാസമാണ്’. ഉപരാഷ്ട്രപതിയുടെ പോസ്റ്റ് ഇതിനകം വൈറൽ ആവുകയും ചെയ്തു.

ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ്‌ തിരുവനന്തപുരം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസിൽ ബിരുദദാന ചടങ്ങിനുശേഷം കൊല്ലത്ത് എത്തിയത്. അഷ്ടമുടിക്കായലോരത്തെ ‘ലീല റാവിസി’ലായിരുന്നു താമസവും ഉല്ലാസയാത്രയ്ക്കുള്ള സൗകര്യവും ഒരുക്കിയിരുന്നത്. ഇരുപത്തിമൂന്ന് മണിക്കൂറോളം അദ്ദേഹം കൊല്ലത്ത് ചെലവഴിച്ചു. 24 അംഗ സംഘമാണ് ഉല്ലാസയാത്രയ്ക്ക്‌ എത്തിയത്.

ആശ്രാമത്തെ ഹെലിപ്പാഡിൽനിന്ന്‌ ഉപരാഷ്ട്രപതി ഡോ. ജഗ്‌ദീപ് ധൻകറെ യാത്രയാക്കുന്ന കളക്ടർ എൻ.ദേവിദാസ്

കായലിലെ ദ്വീപുകളും കണ്ടൽച്ചെടികളുടെ പച്ചപ്പും ഉപരാഷ്ട്രപതിക്ക് ഏറെ ഇഷ്ടമായി. അതിനാൽ ഞായറാഴ്ച രാവിലെ മൺറോത്തുരുത്തിലേക്ക് മറ്റൊരു കായൽ യാത്രയ്ക്കും തീരുമാനിച്ചിരുന്നു. ഹോട്ടലിൽനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര രാവിലെ 9.15 എന്നത് 11.15 ആയി മാറ്റിനിശ്ചയിക്കുകയും ചെയ്തു. എന്നാൽ ജലമാർഗ്ഗം പോയി മടങ്ങിയെത്താൻ ആറുമണിക്കൂർ വേണ്ടിവരുമെന്നതിനാൽ മൺറോത്തുരുത്തിലേക്കുള്ള യാത്ര പിന്നീട് ഉപേക്ഷിച്ചു.

കൊല്ലത്തുനിന്ന് ഉച്ചയോടെ മടങ്ങി

ഇതിനിടെ ഉപരാഷ്ട്രപതിയുടെ ഭാര്യ ഡോ. സുദേശ് ധൻകറും മകൾ കാമ്‌നയും കൊല്ലം ബീച്ചിൽ പ്രഭാതനടത്തം പൂർത്തിയാക്കി മടങ്ങിയെത്തി. ഉപരാഷ്ട്രപതിയും സംഘവും പ്രഭാതഭക്ഷണശേഷം 11.20-ഓടെ ആശ്രാമത്തേക്ക് തിരിച്ചു. ഇരുവശങ്ങളിലും നിന്നവരെ അദ്ദേഹം കൈവീശി അഭിവാദ്യം ചെയ്തു. പന്ത്രണ്ടുമണിയോടെയാണ് ഉപരാഷ്ട്രപതിയും കുടുംബവും കയറിയ ഹെലികോപ്റ്റർ പറന്നുയർന്നത്. പടവുകൾ കയറി പുഞ്ചിരിയോടെ എല്ലാവരെയും അദ്ദേഹം അഭിവാദ്യവും ചെയ്തു. കളക്ടർ എൻ.ദേവിദാസ്, സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, കമ്മിഷണർ വിവേക് കുമാർ എന്നിവരും ഉപരാഷ്ട്രപതിയെ യാത്രയയയ്ക്കാനെത്തി.

Content Highlights: Vice President Dhankhar in Kerala; praises Ashtamudi backwaters of Kollam