കളവ് പറയുന്നതിന് അതിരുണ്ട്; പ്രതിപക്ഷത്തിന്റെ കൈകാലിട്ടടി ഒരു മാസം കൂടെ തുടരും- മെഴ്‌സിക്കുട്ടിയമ്മ

കൊല്ലം : നയത്തിനു വിരുദ്ധമായി ഒരു കാര്യവും സർക്കാർ ചെയ്തില്ലെന്ന് ഉറപ്പായിരിക്കെ പുകമറ സൃഷ്ടിക്കാന്‍ വേണ്ടി ആസൂത്രിതമായി നടത്തുന്ന ദുഷ്പ്രചാര വേലയുടെ നേതൃത്വമാണ് പ്രതിപക്ഷ നേതാവ് ഏറ്റെടുത്തിരിക്കുന്നതെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ. സര്‍ക്കാരിന് വ്യക്തമായ നയമുണ്ടായിരിക്കെ നയത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്‌തോ?. നയത്തിനു വിരുദ്ധമായി ഒരു കാര്യവും ചെയ്തില്ലെന്ന ഉറപ്പായിരിക്കെ പുകമറ സൃഷ്ടിക്കാന്‍ വേണ്ടി ആസൂത്രിതമായി നടത്തുന്ന ദുഷ്പ്രചാര വേലയുടെ നേതൃത്വമാണ് പ്രതിപക്ഷ നേതാവ് ഏറ്റെടുത്തിരിക്കുന്നത്. ആ പ്രചാരവേല പ്രതിപക്ഷനേതാവിനേക്കാള്‍ വാശിയോടെയാണ് ചില കുത്തകമാധ്യമങ്ങള്‍ എടുക്കുന്നതെന്നും മെഴ്‌സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി.
"പ്രതിപക്ഷ നേതാവ് എന്നെ വെല്ലുവിളിച്ചു. ഞാന്‍ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും പറഞ്ഞു. ഏതെങ്കിലുമൊരു കാര്യത്തില്‍ ഫിഷറീസ് വകുപ്പ് തീരുമാനമെടുത്തോ. മറിച്ചാണെങ്കില്‍ അധമമായ പ്രചാരവേല അവസാനിപ്പിക്കാന്‍ സന്നദ്ധനാണോ എന്നു ചോദിച്ചു. അതിനിതുവരെയും അദ്ദേഹം പ്രതികരിച്ചിട്ടില്ല. ഫിഷറീസ് നയത്തില്‍ മാറ്റം വരത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു പ്രചാരണം. ഒരു കമ്മറ്റി ഉണ്ടാക്കി, നിരവധി ഉദ്യോഗസ്ഥര്‍ ശാസ്ത്രജ്ഞര്‍ , വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ രണ്ട് വര്‍ഷത്തെ ചര്‍ച്ചയ്ക്കു ശേഷമാണ് 2018ല്‍ ഫിഷറീസ് ഡ്രാഫ്റ്റ് വരുന്നത്. 2019ല്‍ ഫിഷറീസ് നയവും വന്നു. ഈ നയത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ആഴക്കടലിലേക്ക് പോകുന്നവരുടെ യാനത്തിന് സംരക്ഷണം നല്‍കണമെന്നത് ബോട്ട് ഉടമകളുടെ ആവശ്യമാണ് . ആ സംരക്ഷമാണ് നയത്തിലെ 2.9 ക്ലോസിലൂടെ നല്‍കിയിരിക്കുന്നത്".
2.9 ഫിഷറീസ് നയത്തില്‍ നിന്ന് നീക്കണമെന്ന് ബോട്ടുടമകൾക്കും ഷിബു ബേബി ജോണിനും അഭിപ്രായമുണ്ടോ എന്നും മന്ത്രി ചോദിച്ചു.
"അഭിപ്രായമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പരമ്പരാഗത തൊഴിലാളികള്‍ ബോട്ടുകാര്‍ക്കെതിരാണ്. എന്നാല്‍ സര്‍ക്കാര്‍ ബോട്ടുകാര്‍ക്കെതിരല്ല. അവരെ സംരക്ഷിക്കാനാണ് ഈ 2.9 ക്ലോസ്. അത് വേണ്ടെങ്കില്‍ സര്‍ക്കാര്‍ തയ്യാറാണ്", മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ഇപ്പോള്‍ ആട്ടിനെ പട്ടിയാക്കുന്ന കളിയാണ് നടക്കുന്നത്. കളവു പറയുന്നതിന് അതിരുണ്ട്. അപ്പുറത്തേക്ക് പോയാല്‍ ബൂമറാങ്ങിനെപ്പോലെ അത് തരിച്ചടിക്കുമെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മുങ്ങിത്താഴുമ്പോള്‍ കച്ചിത്തുരുമ്പിന് ശ്രമിക്കുകയാണ്. ആ കൈകാലിട്ടടിക്കല്‍ ഒരു മാസം കൂടെ തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: