മദ്യനികുതി ഇളവ്; സർക്കാർ നയത്തിനെതിരേ ലീഗ്, ‘ആശങ്കകൾ ദൂരീകരിക്കണം’,യു.ഡി.എഫിൽ ഉന്നയിച്ചേക്കും

മലപ്പുറം: ഓപ്പറേഷൻ തൂഫാനിലൂടെ ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിനിടെ, വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരേ മുസ്‌ലിം ലീഗും മുസ്‌ലിം സംഘടനകളും. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ബജറ്റ് പ്രഖ്യാപനത്തിനെതിരേ രംഗത്തുവന്നു. ചൊവ്വാഴ്ച പാർട്ടി മുഖപത്രത്തിലും സമസ്ത മുഖപത്രത്തിലും എഴുതിയ ലേഖനത്തിലാണ് പരാമർശം.
'പിറക്കട്ടെ, ലഹരിമുക്ത ഗ്രാമങ്ങൾ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ച യു.ഡി.എഫ്. സർക്കാരിനെ പ്രശംസിക്കുന്നതോടൊപ്പം മദ്യനികുതിയിൽ ഇളവുനൽകാനുള്ള തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കുന്നുമുണ്ട്. ലഹരിയെ നാടുകടത്താനുള്ള ഓപ്പറേഷൻ തൂഫാൻ പദ്ധതിയെ നാടും നഗരവും ഏറ്റെടുക്കുമ്പോൾത്തന്നെ ബജറ്റിലെ മദ്യനികുതി ഇളവുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ ദൂരീകരിക്കാനും കഴിയണമെന്ന് ആവശ്യപ്പെടുന്നു.
'ലഹരി ഉപയോഗിക്കാത്ത വീടുകൾപോലെ ലഹരിമുക്ത ഗ്രാമങ്ങൾക്കൂടി സൃഷ്ടിക്കപ്പെടണം. ആ വലിയ ലക്ഷ്യത്തോടെയാണ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ്. സർക്കാർ ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചത്. കുറഞ്ഞ ദിവസത്തിനുള്ളിൽത്തന്നെ 10 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടിയതും മൂവായിരത്തോളംപേരെ അറസ്റ്റുചെയ്തതും എടുത്തുപറയേണ്ടതാണ്. കേരളത്തിലെ ഭാവിതലമുറയ്ക്കുവേണ്ടി ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തലയും ലഹരിവിരുദ്ധ യാത്രയിലാണ്. വാരിയർ ബാഡ്ജ് അണിഞ്ഞ് കുടുംബസമേതം നമുക്കും ലഹരിവിരുദ്ധ യുദ്ധമായ തൂഫാനിൽ ഒപ്പം ചേരാമെന്നും സാദിഖലി തങ്ങൾ ആഹ്വാനംചെയ്യുന്നു.
ഓപ്പറേഷൻ തൂഫാനുമായി സഹകരിക്കാൻ മുന്നിട്ടിറങ്ങണമെന്ന് നേരത്തേ സാദിഖലി തങ്ങൾ മഹല്ല് കമ്മിറ്റികൾക്ക് നിർദേശം നൽകിയിരുന്നു. അതിനുപിന്നാലെയാണ് വീര്യംകുറഞ്ഞ മദ്യം പ്രത്യേക വിഭാഗമാക്കി മാറ്റിയ കഴിഞ്ഞ സർക്കാരിന്റെ രീതി പുതിയ നികുതിഘടന ഏർപ്പെടുത്തി പിന്തുടരാൻ ബജറ്റിൽ നിർദേശം വന്നത്. ഈ നയത്തിനെതിരേ ഇരുവിഭാഗം സമസ്തയടക്കം മിക്ക മുസ്ലിം സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് സംഘടനകൾ സർക്കാരിന് നിവേദനങ്ങളും നൽകി.
യു.ഡി.എഫിൽ ഉന്നയിച്ചേക്കും
വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് മുസ്‌ലിം ലീഗ് യു.ഡി.എഫിൽ ആവശ്യപ്പെട്ടേക്കും. സാദിഖലി തങ്ങളുടെ ലേഖനം വന്നതോടെതന്നെ വിഷയത്തിൽ ലീഗിനുള്ള അതൃപ്തി കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകക്ഷികളെ ബോധ്യപ്പെടുത്താനായി. പാർട്ടിയിലെ കൂടിയാലോചനയ്ക്കു ശേഷമാകും തുടർനടപടി
Content Highlights: IUML opposes the government's proposal to provide tax concessions for low-alcohol beverages., Sadiqali Shihab Thangal praises the Operation Toofan anti-drug campaign led by the UDF government.