ഐടി മേഖലയിൽ കേരളത്തിന്റെ മുരടിപ്പ് മാറ്റി-പിണറായി വിജയൻ

കൊല്ലം: കേരളത്തിലെ ഐടി രംഗത്തുണ്ടായിരുന്ന മുരടിപ്പ് മാറ്റാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്താദ്യം ഐടി പാർക്കുകൾ ആരംഭിച്ചത് കേരളത്തിലാണെങ്കിലും പിന്നാലെ തുടങ്ങിയ സംസ്ഥാനങ്ങളാണ് മേഖലയിൽ കുതിച്ചുചാട്ടമുണ്ടാക്കിയത്. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനുണ്ടായ തടസ്സങ്ങളാണ് ഇപ്പോൾ പരിഹരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ഐടി കമ്പനിയായ സോഹോ കോർപ്പറേഷന്റെ എഐ റോബോട്ടിക് ഗവേഷണ കേന്ദ്രം കൊട്ടാരക്കര നെടുവത്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ ഐടി കയറ്റുമതി ഒരുലക്ഷം കോടിയോട് അടുക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ലുലു ഗ്രൂപ്പിന്റെ ഐടി പാർക്ക് എറണാകുളത്ത് പ്രവർത്തനമാരംഭിച്ചത്. ആ ചടങ്ങിൽവെച്ച് മറ്റൊരു 500 കോടി രൂപയുടെ നിക്ഷേപംകൂടി ലുലു ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ദേശീയപാതാ വികസനം, വിമാനത്താവളങ്ങളുടെ വികസനം, വിഴിഞ്ഞം തുറമുഖവികസനം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനത്തെ തുടർന്നാണ് ഐടി നിക്ഷേപകർ കേരളത്തിലേക്ക് കൂടുതലായി കടന്നുവരുന്നതിന് ഇടയാക്കിയത്.
കേരളത്തിൽനിന്നുള്ള ആകെ ഐടി കയറ്റുമതി 2016-ൽ 34,123 കോടി രൂപയായിരുന്നത്, ഇന്ന് 90,000 കോടി രൂപയായി വർധിച്ചതായി പിണറായി പറഞ്ഞു.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ്, ഐടി സെക്രട്ടറി ശ്രീറാം സാംബശിവറാവു, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, സോഹോ കോർപ്പറേഷൻ സിഇഒ ശൈലേഷ് കുമാർ ധാവേ, ആർആൻഡ്ഡി സെന്റർ പ്രിൻസിപ്പൽ റിസർച്ചർ ഡോ. ജയരാജ് പോരൂർ, സഹ സ്ഥാപകരായ ശ്രീധർ വെമ്പു, ടോണി ജി. തോമസ്, പ്രോഗ്രാം മാനേജർ മഹേഷ് ബാല, കൊട്ടാരക്കര നഗരസഭാ ചെയർമാൻ കെ. ഉണ്ണിക്കൃഷ്ണമേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: it field developed in kerala says pinarayi vijayan