കണ്ണൂരില്‍ കടുവയെ കണ്ടെത്താന്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ മോഷണം പോയി; നഷ്ടമായത് 25,000 രൂപ വിലയുള്ള 3 ക്യാമറകള്‍

#ന്യൂസ് ഡെസ്‌ക്
വനംവകുപ്പ് സ്ഥാപിച്ചിരുന്ന ക്യാമറകളിലൊന്ന്. ഇതാണ് മോഷണംപോയത്.
വനംവകുപ്പ് സ്ഥാപിച്ചിരുന്ന ക്യാമറകളിലൊന്ന്. ഇതാണ് മോഷണംപോയത്.

ഇരിട്ടി(കണ്ണൂര്‍): വനംവകുപ്പ് ജനവാസമേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ വാണിയപ്പാറയിലെ പുല്ലന്‍പാറ തട്ട് മേഖലയില്‍ സ്ഥാപിച്ച മൂന്ന് ക്യാമറകള്‍ മോഷണം പോയി.

കൊട്ടിയൂര്‍ റെയ്ഞ്ച് ഇരിട്ടി സെക്ഷന്‍ പരിധിയില്‍ വരുന്ന പാറക്കാമല ഭാഗത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വാണിയപ്പാറ പുല്ലമ്പാറതട്ട് ഭാഗത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചത്.

പുല്ലന്‍പാറ തട്ട് ഭാഗത്തുള്ള സമ്പത്ത് ക്രഷറിന് സമീപമുള്ള പഴയ പാറമടയ്ക്ക് സമീപം സ്ഥാപിച്ച 25,000 രൂപ വിലയുള്ള മൂന്ന് ക്യാമറ ട്രാപ്പുകളാണ് കളവുപോയത്.

ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രണ്ടാഴ്ച മുന്‍പ് മേഖലയില്‍ വളര്‍ത്തുപശുവിന്റെ പാതി ഭക്ഷിച്ചഭാഗം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വളര്‍ത്തുപട്ടിയെയും അജ്ഞാത ജീവി പിടിച്ചിരുന്നു. കടുവ മേഖലയിലുണ്ടെന്ന് നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിരുന്നു.

പ്രദേശത്ത് പരിശോധനയ്ക്ക് എത്തിയ വനപാലകസംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ക്യാമറ സ്ഥാപിച്ചത്. ക്യാമറയില്‍ പതിഞ്ഞാല്‍ കൂട് സ്ഥാപിച്ച് പിടിക്കാമെന്ന ഉറപ്പും നല്‍കിയിരുന്നു. ഇതിനിടയിലാണ് ക്യാമറ മോഷണം പോയത്.

Content Highlights: Three expensive tiger camera traps, installed by forest officials in Iritty, Kerala to track a suspected tiger, have been stolen. Police complaint filed.