ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ: കെ.സുധാകരന്റെ മൊഴിയെടുക്കാൻ അന്വേഷണസംഘം

കൽപറ്റ: ഡി.സി.സി. ട്രഷറർ എൻ.എം. വിജയനും മകൻ ജിജേഷും ആത്മഹത്യചെയ്ത കേസിൽ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ മൊഴിയെടുക്കും. കെ.പി.സി.സി. പ്രസിഡന്റിന് എൻ.എം. വിജയൻ കത്ത് നൽകിയിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ നീക്കം. എൻ.എം. വിജയൻ എഴുതിയ കത്ത് സുധാകരന് കിട്ടിയിട്ടുണ്ടോ, ഉണ്ടെങ്കിൽ എപ്പോൾ കിട്ടി തുടങ്ങിയ കാര്യങ്ങളിലൊക്കെ പോലീസിന് വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. മൊഴിയെടുക്കുന്ന തീയതി പിന്നീടാകും തീരുമാനിക്കുക.
കേസിൽ പ്രതികളായ ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെയും മുൻ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥനെയും അന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഗോപിനാഥന്റെ വീട്ടിൽ രണ്ടുമണിക്കൂറോളം നടത്തിയ പരിശോധനയിൽ ചില രേഖകളും കണ്ടെടുത്തു. കേസുമായി നേരിട്ട് ബന്ധമില്ലെങ്കിലും അന്വേഷണത്തിന് ഗുണകരമായ രേഖകളാണ് ലഭിച്ചതെന്നാണ് വിവരം. പ്രത്യേക അന്വേഷണസംഘം മേധാവി ബത്തേരി ഡിവൈ.എസ്. പി. കെ.കെ. അബ്ദുൾ ഷെരീഫിൻറെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. എൻ.എം. വിജയന്റെ കത്തുകളിലെയും ഡയറിക്കുറിപ്പിലെയും പേര് പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങളെന്നാണ് സൂചന.
പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് കല്പറ്റ സെഷൻസ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മൂന്നുദിവസത്തെ ചോദ്യംചെയ്യലിന് ഇരുവരും ഹാജരായത്. കേസിലെ ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യ്ക്ക് നിയമസഭ സമ്മേളിക്കുന്നതിനാൽ ഇളവുനൽകിയിരുന്നു. 23, 24, 25 തീയതികളിൽ എം.എൽ.എ. ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഡിവൈ.എസ്.പി. പറഞ്ഞു.
വിജയന്റെ മുറിയിൽനിന്ന് ലഭിച്ച ഡയറിക്കുറിപ്പിൽ ഒന്നരക്കോടിയോളം രൂപയുടെ വായ്പയടക്കമുള്ളവ ഉണ്ടെന്ന സൂചനകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 14 ബാങ്കുകളിൽനിന്ന് അക്കൗണ്ട് വിവരങ്ങൾ പ്രത്യേകസംഘം തേടുകയും ചെയ്തു. ബത്തേരി അർബൻ ബാങ്കിൽനിന്നും ബത്തേരി സർവീസ് സഹകരണ ബാങ്കിൽനിന്നും ലഭിച്ച വിവരങ്ങളിൽ ഒരുകോടിയിലേറെ രൂപയുടെ ബാധ്യതയുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിയമനത്തിന് പണംവാങ്ങി വഞ്ചിച്ചതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രണ്ട് പരാതികൾ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷണം തുടങ്ങിയിരുന്നു.
ബാങ്കിലെ നിയമനത്തട്ടിപ്പ് വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിരുന്നു. വയനാട് വിജിലൻസ് ഡിവൈ.എസ്.പി. ഷാജി വർഗീസിനാണ് അന്വേഷണച്ചുമതല. എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയെത്തുടർന്ന് മാധ്യമങ്ങളിലെ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബാങ്ക് നിയമനമടക്കമുള്ള സാമ്പത്തിക ഇടപാടുകളാണ് വിജിലൻസ് അന്വേഷിക്കുന്നത്.
Content Highlights: Investigation team take statement K Sudhakaran on NM Vijayans suicide