നിക്ഷേപകസംഗമമോ, വാഗ്ദാനമേളയോ; ഇതുവരെവന്ന വാഗ്ദാനങ്ങള്‍ 1.65 ലക്ഷം കോടിയുടേത്

#ജെ.എസ്. മനോജ്
എമര്‍ജിങ് കേരള വേദി | File Photo - Mathrubhumi archives
എമര്‍ജിങ് കേരള വേദി | File Photo - Mathrubhumi archives

തിരുവനന്തപുരം: 2003-ലെ ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ (ജിം) 26,000 കോടി, 2012-ലെ എമര്‍ജിങ് കേരളയില്‍ 40,000 കോടി, 2020-ലെ അസെന്റ് കേരള 98,708 കോടി -കേരളം നടത്തിയ മൂന്ന് നിക്ഷേപകസംഗമങ്ങളില്‍ ലഭിച്ച ഈ വാഗ്ദാനങ്ങള്‍ പകുതിയെങ്കിലും യാഥാര്‍ഥ്യമായിരുന്നെങ്കില്‍ കേരളം ഇന്നുനേരിടുന്ന പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. നിക്ഷേപകസംഗമങ്ങള്‍ ഭരണകക്ഷികള്‍ക്ക് ഒരു പ്രചാരണായുധം എന്നതിലുപരി സംസ്ഥാനത്തിന് ഒരുനേട്ടവും ഉണ്ടാക്കുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അസെന്റ് കേരളയിലെ പ്രധാന സംരംഭമായി അവതരിപ്പിച്ച അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയെക്കുറിച്ച് ഒരു വിവരവും ഇന്ന് ലഭ്യമല്ല. ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ 66,900 കോടിയുടെ നിക്ഷേപമാണ് വാഗ്ദാനംചെയ്തിരുന്നത്. കിഫ്ബിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു അസറ്റ് മാനേജ്മെന്റ് കമ്പനിയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡ് (കിഫ്മല്‍) എന്ന സ്ഥാപനംവഴിയാണ് ഈ സംരംഭമെത്തിയത്. ഒരു റിട്ടയേഡ് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കിഫ്മലിന്റെ മേധാവി. രണ്ടുമാസമായി അവധിയില്‍പോയ അദ്ദേഹം ഇപ്പോള്‍ യു. എസിലാണ്. അദ്ദേഹത്തില്‍നിന്നുമാത്രമേ ഈ സംരംഭത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കൂവെന്നാണ് കിഫ്മലില്‍നിന്ന് അറിയിച്ചത്.

ഡി.പി. വേള്‍ഡ് (5000 കോടി), കിറ്റെക്‌സ് (3500 കോടി), കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഫണ്ട് ലിമിറ്റഡ് (3000 കോടി), എം.എസ്.എം.ഇ. മേഖലയിലെ 66 പേര്‍ ചേര്‍ന്ന് (2050 കോടി), ജോയ് ആലുക്കാസ് (1500 കോടി), എലക്ട്രോപോളീസ് കണ്ണൂര്‍ (1000 കോടി), ആഷിഖ് കെമിക്കല്‍സ് (1000 കോടി), ധര്‍വാര്‍ ഗ്രൂപ്പ് ഖത്തര്‍ (1000 കോടി), കെ.ടി.എസ്. അപ്ലയന്‍സ് (1000 കോടി) തുടങ്ങിയവയാണ് അസെന്റ് കേരളയില്‍ പ്രഖ്യാപിച്ചിരുന്ന വന്‍കിട പദ്ധതികള്‍. 808 കോടി രൂപയുടെ പദ്ധതികള്‍ നടപ്പായതായി കെ.എസ്.ഐ.ഡി.സി. അവകാശപ്പെടുന്നുണ്ട്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സംഘടിപ്പിച്ച 2012-ലെ എമര്‍ജിങ് കേരളയില്‍ പ്രഖ്യാപിച്ച 40,000 കോടിയുടെ പദ്ധതികളില്‍ പ്രധാനപ്പെട്ടത് നേരത്തേ തീരുമാനമായ കൊച്ചി റിഫൈനറിയിലെ ബി.പി.സി.എല്‍. പദ്ധതിയും കൊച്ചി ഷിപ്യാര്‍ഡിന്റെ വികസനവുമായിരുന്നു. വാഹനനിര്‍മാതാക്കളായ ഫോക്‌സ് വാഗന്റെ 2000 കോടിയുടെ എന്‍ജിന്‍ അസംബ്ലി യൂണിറ്റ് വരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും കമ്പനി നിഷേധിച്ചിരുന്നു.

570 കോടിയുടെ പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് ഘടന നിര്‍മാണയൂണിറ്റും 500 കോടിയുടെ സൗരോര്‍ജപ്ലാന്റും പ്രഖ്യാപനത്തിലൊതുങ്ങി. ലുലു ഗ്രൂപ്പിന്റെ 4000 കോടിയുടെ മാളും ആസാദ് മൂപ്പന്‍ ഗ്രൂപ്പിന്റെ മെഡിക്കല്‍ കോളേജുമാണ് ഇതിലൂടെ യാഥാര്‍ഥ്യമായ നിക്ഷേപങ്ങള്‍.

നേരത്തേ തീരുമാനമായ പദ്ധതികള്‍ അവതരിപ്പിച്ച് നടപ്പാക്കുന്നതല്ലാതെ പുതുതായി ഒന്നുംതന്നെ ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന ഇത്തരം പരിപാടികളില്‍നിന്ന് ലഭിക്കാറില്ലെന്ന് ഐ.ടി. വിദഗ്ധന്‍ ജോസഫ് സി. മാത്യു ചൂണ്ടിക്കാട്ടി.
 

Content Highlights: Investers meet kerala