ഐഎന്ടിയുസി സെക്രട്ടറിയേറ്റ് മാര്ച്ച് നേതാക്കള് അട്ടിമറിച്ചു; സർക്കാരുമായി ഒത്തുകളിയെന്നും ആരോപണം

തിരുവനന്തപുരം: സംസ്ഥാനസര്ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്ക്കെതിരെ ഐഎന്ടിയുസി ശനിയാഴ്ച സെക്രട്ടറിയേറ്റിലേയ്ക്ക് നടത്താനിരുന്ന മാര്ച്ച് ചില ഉന്നത കോണ്ഗ്രസ് നേതാക്കള് അട്ടിമറിച്ചതായി ആരോപണം. ഉമ്മന്ചാണ്ടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന റാലി റദ്ദാക്കിയത് കാരണം പോലും പറയാതെയാണെന്നും ആരോപണമുണ്ട്. വിഷയത്തില് ഐഎന്ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനെതിരെ രൂക്ഷവിമര്ശനമാണ് അണികളില്നിന്ന് ഉയരുന്നത്.
കഴിഞ്ഞ നാലു വര്ഷമായി സംസ്ഥാനസര്ക്കാരിനെതിരെ ഐഎന്ടിയുസി പ്രതീകാത്മകമായിപ്പോലും ഒരു സമരം നടത്തിയിട്ടില്ല. കഴിഞ്ഞ വര്ഷം ജനുവരി 17ന് നടത്താനിരുന്ന കളക്ടറേറ്റ് മാര്ച്ച് അവസാനനിമിഷം മാറ്റിവെച്ചിരുന്നു. ഈ പരാതി പരിഹരിക്കാനാണ് ശനിയാഴ്ച സെക്രട്ടറിയേറ്റിലേയ്ക്ക് തൊഴിലാളികളുടെ കോ-ഓഡിനേഷന് കമ്മിറ്റി മാര്ച്ച് സംഘടിപ്പിച്ചിരുന്നത്.
മാര്ച്ചില് പ്രവര്ത്തകരെ എത്തിക്കുന്നതിന് വിവിധ ജില്ലകളില്നിന്ന് നൂറുകണക്കിന് ബസ്സുകള് അടക്കം ബുക്ക് ചെയ്തിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്യാന് ഉമ്മന്ചാണ്ടിയെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല് അവസാന നിമിഷം എല്ലാം അട്ടിമറിക്കുകയായിരുന്നു എന്നാണ് ആരോപണം. സിപിഎം നേതൃത്വത്തോട് വിധേയത്വം പുലര്ത്തുന്ന ചില ഉന്നത കോണ്ഗ്രസ് നേതാക്കളാണ് അട്ടിമറിക്ക് പിന്നിലെന്നാണ് പ്രവര്ത്തകര് ആരോപിക്കുന്നത്.
ഔദ്യോഗിക തലത്തില് നേതാക്കളുടെ അറിവോടുകൂടി കൂപ്പണും പോസ്റ്ററും നോട്ടീസും ഉള്പ്പെടെ പ്രചാരണം നടത്തിയാണ് മാര്ച്ച് സംഘടിപ്പിച്ചത്. എന്നാല് പിന്നീട് അത് റദ്ദാക്കാന് നേതൃത്വം നിര്ദേശിക്കുകയായിരുന്നു. ഉന്നത നേതാക്കള് ഇത്തരമൊരു തീരുമാനമെടുത്തതിന് കാരണം വ്യക്തമാക്കാന് തയ്യാറാകണമെന്നും പ്രവര്ത്തകര് പറയുന്നു. ഭരണപക്ഷത്തോട് കൂട്ടുനിന്നുകൊണ്ടാണ് സമരത്തില്നിന്ന് പിന്തിരിയുന്നതെന്നാണ് ആരോപണം. ഇതിനു പിന്നില് ഐഎന്ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനാണ് പ്രവര്ത്തിച്ചതെന്നും പ്രവര്ത്തകര് ആരോപിക്കുന്നു.
അതേസമയം, ഐഎന്ടിയുസി സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയല്ല മാര്ച്ച് നടത്താന് തീരുമാനിച്ചതെന്ന് ഐഎന്ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് പറഞ്ഞു. ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലായിരിക്കാം കേന്ദ്ര നേതൃത്വം ഇടപെട്ട് മാര്ച്ച് മാറ്റിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: intuc secretariat march cancelled, allegations against top leaders
Content Highlights: