രണ്ട് ടേം; സംസ്ഥാന കമ്മിറ്റിയില്‍ ആരും എതിര്‍ത്തില്ല - കോടിയേരി

'എത്ര ഉന്നതരായ നേതാക്കളായാലും സമൂഹത്തില്‍ അവരുടെ സ്ഥാനമെത്രയായാലും അതൊന്നും പരിഗണിക്കേണ്ടതില്ല എന്ന് വിലയിരുത്തിയാണ് രണ്ട് ടേം പൂര്‍ത്തിയാക്കിയ എല്ലാവരെയും മത്സരരംഗത്ത് നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍. മാതൃഭൂമി ന്യൂസ് പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് ആര്‍. ശ്രീജിത്ത് കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗം.
രോഗാവസ്ഥയെ മറികടക്കാനുള്ള മാനസിക കരുത്ത് എങ്ങനെ നേടി?
കാന്‍സര്‍ വന്നാലും ചികിത്സിക്കാതിരിക്കാനാകില്ലല്ലോ. സ്വയം കരുത്ത് നേടുക എന്നത് മാത്രമേ അത്തരം സന്ദര്‍ഭത്തില്‍ സാധിക്കു. എനിക്ക് വന്നത് പാന്‍ക്രിയാസ് കാന്‍സര്‍ ആയതിനാല്‍ പലതരത്തില്‍ അത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട് എന്നതായിരുന്നു റിപ്പോര്‍ട്ട്. പക്ഷെ വിദഗ്ധ ചികിത്സ നടത്തിയതിന്റെ ഫലമായി സര്‍ജറി നടത്തി. അത് വിജയിച്ചു. അതിന്റെ ബാക്കിയായുള്ള മറ്റ് ചികിത്സകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അപകടനില തരണം ചെയ്തുവെന്നതാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ഇതൊരു നല്ല വാര്‍ത്ത തന്നെയാണ്. പക്ഷെ ഈയൊരു സാഹചര്യത്തില്‍ എല്ലാവരും ചോദിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ എന്ന് തിരിച്ചുവരും എന്നതാണ്.?
അതൊരു പ്രധാനപ്പെട്ട പ്രശ്‌നമായി എനിക്ക് തോന്നുന്നില്ല. സെക്രട്ടറി സ്ഥാനത്ത് നില്‍ക്കുന്ന സമയത്ത് ഞാന്‍ തന്നെയാണ് പാര്‍ട്ടിയില്‍ നിന്ന് ചികിത്സക്കായി അവധി ചോദിച്ചത്. പാര്‍ട്ടി അത് അനുവദിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് പാര്‍ട്ടിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും. ഇപ്പോള്‍ അതില്‍ അഭിപ്രായം നല്‍കാനായിട്ടില്ല. ഡോക്ടര്‍മാരുടെ അടക്കം അഭിപ്രായം വാങ്ങിയതിന് ശേഷം മാത്രമേ തീരുമാനമെടുക്കു.
തിരഞ്ഞെടുപ്പ് വിജയം സംഘടനാ തലത്തില്‍ നല്‍കുന്ന പാഠമെന്താണ്?
ഇത്തവണത്തെ ഇടതുപക്ഷത്തിന്റെ വിജയം രാഷ്ട്രീയമായും സംഘടനാ പരമായും നേടിയിട്ടുള്ള ഒന്നാണ്. വിജയത്തിന്റെ അടിസ്ഥാനം രാഷ്ട്രീയം തന്നെയാണ്. ഇടത്പക്ഷ മുന്നണി മുന്നോട്ടുവെച്ച രാഷ്ട്രീയത്തെ കേരളത്തിലെ ജനങ്ങള്‍ പൊതുവില്‍ അംഗീകരിച്ചു. അത് ബിജെപിക്കെതിരായ ശക്തമായ നിലപാടാണ്. ഇടതുപക്ഷത്തിനാണ് അത്തരമൊരു നിലപാട് സ്വീകരിക്കാനാകുക എന്നത് ജനം തിരിച്ചറിഞ്ഞു. ബിജെപിയെ പ്രതിരോധിക്കാനുള്ള ശക്തി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടുകഴിഞ്ഞു. അവസരവാദപരമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് ജനങ്ങള്‍ വിലയിരുത്തി. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷമാണ് ബദല്‍ എന്ന് ചിന്തിക്കുന്ന ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമായി. അത് രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് ആവശ്യമായ സംഘടനാ സംവിധാനം ഉണ്ടാക്കുന്നതിന് ഞങ്ങള്‍ക്ക് സാധിച്ചു. പാര്‍ട്ടിയുടെ എല്ലാപ്രവര്‍ത്തകന്മാരെയും സജീവപ്രവര്‍ത്തകരാക്കി മാറ്റാന്‍ കഴിഞ്ഞുവെന്നതാണ് ഇത്തവണത്തെ പ്രധാന മാറ്റം.
സിപിഎമ്മിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം വെച്ച് രാഷ്ട്രീയ ശത്രുക്കള്‍ പ്രവര്‍ത്തിക്കുകയാണ്. അക്കാര്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. ഇതിന്റെ ഭാഗമായി പാര്‍ട്ടി അണികളാകെ സജ്ജമായി. വര്‍ഗ-ബഹുജന സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും സജീവമായി രംഗത്തിറങ്ങി. ഈ വെല്ലുവിളി നേരിടണം എന്നൊരു ബോധം പാര്‍ട്ടിക്കകത്താകെ ഉയര്‍ന്നുവന്നു. അതിന്റെ ഭാഗമായി സജീവമായ പ്രവര്‍ത്തനം ഇത്തവണ നടന്നു.
കോവിഡിന്റെ പരിമിതികള്‍ക്ക് അകത്തുനിന്നാണ് ഈ പ്രവര്‍ത്തനങ്ങളൊക്കെയും നടന്നത്. ഓരോരുത്തരെയും കണ്ട് സംസാരിച്ച് രാഷ്ട്രീയ നിലപാടുകള്‍ അറിയിക്കുന്ന പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് നേട്ടം. ഇത് സംഘടനാപരമായ കരുത്താണ്. ലോക്കല്‍ കമ്മിറ്റികളും ഏരിയാ കമ്മിറ്റികളും സജീവമായി രംഗത്തിറങ്ങി.
അതോടൊപ്പം അതിന്റെ ഭാഗമായി എടുത്തതാണ് സ്ഥാനാര്‍ഥി നിര്‍ണയം. രണ്ടുടേം തുടര്‍ച്ചയായിട്ടായവരെ ഒഴിവാക്കുക എന്നത് നടപ്പിലാക്കി. ഇതിന്റെ ഫലമായി പുതിയ കുറെ ആളുകളെ സ്ഥാനാര്‍ഥികളാക്കാന്‍ കഴിഞ്ഞു. അത് തിരഞ്ഞെടുപ്പില്‍ പുതിയ ഊര്‍ജം നല്‍കുമെന്ന് ഞങ്ങള്‍ വിലയിരുത്തി. എത്ര ഉന്നതരായ നേതാക്കളായാലും സമൂഹത്തില്‍ അവരുടെ സ്ഥാനമെത്രയായാലും അതൊന്നും പരിഗണിക്കേണ്ടതില്ല എന്ന് വിലയിരുത്തി കൊണ്ടാണ് രണ്ട് ടേം പൂര്‍ത്തിയാക്കിയ എല്ലാവരെയും ഒഴിവാക്കാന്‍ തീരുമാനിച്ചത്.
അങ്ങനെ 35 പുതുമുഖങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ സാധിച്ചു. കുറെക്കാലത്തിന് ശേഷം ആദ്യമായിട്ടാണ് ഇങ്ങനൊരു തീരുമാനമെടുക്കാന്‍ സാധിച്ചത്. മുന്‍കാലങ്ങളിലും രണ്ട് ടേം എന്ന നിബന്ധന ഉണ്ടായിരുന്നുവെങ്കിലും ചിലര്‍ക്ക് ഇളവ് കൊടുത്തിരുന്നു. ഇത്തവണ ആര്‍ക്കും ഇളവ് കൊടുത്തില്ല. അങ്ങനെയൊരു തീരുമാനം എടുക്കാന്‍ സാധിച്ചതിന് പിന്നില്‍ സംഘടനാപരമായി പാര്‍ട്ടി ആര്‍ജിച്ച കരുത്താണ്. ഇത്തവണ പാര്‍ട്ടിക്കകത്ത് കൂട്ടായൊരു നേതൃത്വവും പ്രവര്‍ത്തനവുമുണ്ട്. വിഭാഗീയത പാര്‍ട്ടിയില്‍ ഇല്ലാതായി.
രണ്ട് ടേം എന്നത് മുഖ്യമന്ത്രിയുടെ തീരുമാനമായി വ്യാഖ്യാനിക്കപ്പെട്ടു. പ്രതിപക്ഷം അതൊക്കെ ആയുധവുമാക്കി. യഥാര്‍ഥത്തില്‍ എങ്ങനെയാണ് അത്തരമൊരു തീരുമാനം രൂപപ്പെട്ടത്?
ഇതിപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഒരു പ്രചരണമാണ്. ഏത് തീരുമാനമെടുത്താലും അത് മുഖ്യമന്ത്രി എടുക്കുന്ന തീരുമാനമാണ് എന്ന് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ട്. പാര്‍ട്ടിയല്ല മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നത് എന്ന് സ്ഥാപിക്കുന്നതിനുള്ള ബോധപൂര്‍വമായുള്ള ശ്രമമാണ്. വ്യക്തികേന്ദ്രീകൃതമായ പാര്‍ട്ടിയായി സിപിഎം മാറുന്നു എന്നൊരു ആരോപണത്തിലേക്ക് പാര്‍ട്ടിയെ കെട്ടിയിടാനുള്ള പ്രചരണ തന്ത്രമാണിത്. ആസൂത്രീതമായ പ്രചാരവേലയാണിത്.
രണ്ട് ടേം നടപ്പിലാക്കിയതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഐക്യകണ്‌ഠേനെ എടുത്ത തീരുമാനമാണിത്. ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനമല്ലിത്. പല സന്ദര്‍ഭങ്ങളിലും ചര്‍ച്ച ചെയ്ത് ഭവിഷ്യത്തുകള്‍ കണക്കിലാക്കി സംസ്ഥാന തലത്തിലെത്തിയപ്പോഴാണ് അതില്‍ അന്തിമ തീരുമാനമുണ്ടായത്. അത് ഏതെങ്കിലുമൊരാളുടെ തീരുമാനമല്ല, കൂട്ടായ ചര്‍ച്ചയെ തുടര്‍ന്ന് ഉയര്‍ന്നുവന്ന നിലപാടാണ്. അതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. ഏതെങ്കിലുമൊരാളുടെ തീരുമാനമായി ചിത്രീകരിക്കുന്നതിന് പിന്നില്‍ ദുരുദ്ദേശമാണ് ഉള്ളത്.
ഇത്തരമൊരു തീരുമാനം വന്നപ്പോള്‍ ചില കേന്ദ്രകമ്മിറ്റി അംഗങ്ങളായി ഇരുന്നവര്‍ കുറച്ചുകൂടി നേരത്തെ ഞങ്ങളോടിത് പറയാമായിരുന്നു എന്ന് പരിഭവം പറഞ്ഞിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. അങ്ങനെ സംഭവിച്ചിരുന്നോ?
അക്കാര്യത്തില്‍ പാര്‍ട്ടിയിലാരും അത്തരമൊരു ആക്ഷേപം ഉന്നയിച്ചതായി കണ്ടില്ല. ഞങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ഒരു സംവിധാനമുണ്ട്. ഒരു നിര്‍ദ്ദേശം സ്വാഭാവികമായി സമര്‍പ്പിക്കും. നിര്‍ദ്ദേശം സെക്രട്ടേറിയേറ്റില്‍ സമര്‍പ്പിക്കാന്‍ ചര്‍ച്ചകള്‍ക്ക് ശേഷം എന്നെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. നിര്‍ദ്ദേശം അവതരിപ്പിക്കുമ്പോള്‍ വ്യത്യസ്തമായ അഭിപ്രായം അറിയിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വ്യത്യസ്തമായ അഭിപ്രായമുണ്ടായിരുന്നുവെങ്കില്‍ അവര്‍ക്കത് അപ്പോള്‍ പറയമായിരുന്നു. മുന്‍കൂട്ടി പറയണമെന്ന് ഒരാളും ഞങ്ങളടുത്ത് പറഞ്ഞിട്ടില്ല. അത്തരം ആരോപണങ്ങളൊക്കെ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരവേലയുടെ ഭാഗമായി വരുന്നതാണ്. ഈ തീരുമാനം സെക്രട്ടേറിയേറ്റില്‍ വെച്ചപ്പോള്‍ പൂര്‍ണ യോജിപ്പായിരുന്നു. ഒരു എതിര്‍പ്പുമുണ്ടായിരുന്നില്ല. സംസ്ഥാന കമ്മിറ്റിയിലും വ്യത്യസ്തമായ അഭിപ്രായമുണ്ടായില്ല.
(തുടരും)
Content Highlights: Interview with kodiyeri balakrishnan - Part 1
Content Highlights: